ലോകകപ്പ് യോഗ്യത മത്സരം; കരഞ്ഞ് കാനറികൾ, വല നിറച്ച് നീലപ്പട; ബ്രസീലിനെ തകർത്ത് അർജന്റീന

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയിച്ചത്. നായകൻ മെസിയും ലൗട്ടാരോ മാർട്ടനസും ഇല്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയിരുന്നത്. ആദ്യ പകുതിയിൽ സമ്പൂർണ ആധിപത്യം നേടിയ അർജന്റീന മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് അർജന്റീനയുടെ നാലാം ഗോളും എത്തിയത്.
മത്സരത്തിന്റെ 4-ാം മിനിറ്റിൽ തന്നെ അർജന്റീന കാനറികളുടെ വല കുലുക്കി. 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ലീഡ് ഇരട്ടിയാക്കി. 26-ാം മിനിറ്റിൽ മാത്യസ് കുഞ്ഞ്യയുടെ ഗോൾ ബ്രസീലിന് പ്രതീക്ഷ നൽകിയെങ്കിലും മടങ്ങിവരവ് സാധ്യമായില്ല. പക്ഷേ 37-ാം മിനിറ്റിൽ മകാലിസ്റ്റർ നേടിയ അർജന്റീനക്കായി മൂന്നാം ഗോളും നേടി ആദ്യ പകുതി വരുതിയിലാക്കി. രണ്ടാം പകുതിയിൽ 71-ാം മിനിറ്റിൽ സിമിയോണി അർജന്റീനയുടെ നാലാം ഗോളും നേടി ബ്രസീലിന്റെ പരാജയം ഉറപ്പിച്ചു.
ഈ ജയത്തോടെ അർജന്റീന 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റിൽ എത്തി. 21 പോയിന്റുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതക്കായി ബ്രസീൽ ഇനിയും കാത്തിരിക്കണം. അർജന്റീന ലോകകപ്പ് യോഗ്യത നേടിയിരുന്നു. യുറുഗ്വയ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്. ലാറ്റിൻ അമേരിക്കൻ മേഖലയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ സംഘം.യോഗ്യത റൗണ്ടിലൂടെ ലോകകപ്പിന് എത്തുന്ന രണ്ടാമത്തെ സംഘമാണ് അർജന്റീന. ജപ്പാൻ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.
Story Highlights : Argentina vs Brazil, Argentina win against rival Brazil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here