ആന്റിബയോട്ടിക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വീണാ ജോർജ്

ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. കേരളം എ.എം.ആര്‍. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തല്‍സ്ഥിതി 2025 റിപ്പോര്‍ട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരം പുലര്‍ത്തുന്നുവെന്നുമുള്ള വിലയിരുത്തല്‍. രോഗാണുക്കള്‍ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ആഗോള ഭീഷണി മുന്നില്‍ കണ്ട് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാജ്യമെമ്പാടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായണ്‍ അഭിപ്രായപ്പെട്ടിരുന്നു.
ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകാത്ത അണുബാധകള്‍ കാരണം ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷംതോറും മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭീഷണി ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മാത്രമല്ല എല്ലാ പഞ്ചായത്തുകളേയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന ആഗോള ഭീഷണിയെ അഭിമുഖീകരിക്കാന്‍ രാജ്യത്തെ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് സിഎസ്‌സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Story Highlights : Veena George praises Kerala on dealing with antibiotics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here