Advertisement

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും

March 27, 2025
2 minutes Read
wayanad

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സംസ്ഥാന മന്ത്രിമാര്‍, പ്രിയങ്കാഗാന്ധി എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. എല്‍സ്റ്റണില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ മാതൃക വീടുകള്‍ക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 1,000 ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടുകളിലുള്ളത്. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിലുണ്ടാവുക. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മള്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.

Read Also: തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; എമ്പുരാന്‍ തിയേറ്ററുകളില്‍; കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ വകുപ്പ് മന്ത്രിമാരായ ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, പ്രിയങ്കാഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ടി സിദ്ദിഖ് എം.എല്‍.എ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുനരധിവാസ ടൗണ്‍ഷിപ്പ് തറക്കല്ലിടലില്‍ പങ്കെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയില്‍. 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയായതല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കുന്നു.

എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുനരധിവാസ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുപ്പുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാല്‍ നഷ്ടപരിഹാരത്തുക അപര്യാപ്തമെങ്കില്‍ ഇക്കാര്യം പ്രത്യേകമായി ഉന്നയിക്കാമെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights : Pinarayi Vijayan will laying the foundation stone of township for wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top