സ്വർണ്ണതരികളടങ്ങിയ മണ്ണ് നൽകാമെന്ന് പറഞ്ഞ് സ്വർണ്ണപണിക്കാരിൽ നിന്ന് അരക്കോടി തട്ടി; നാലംഗ സംഘം അറസ്റ്റിൽ

സ്വർണ്ണതരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തിൽ നാലാംഗ ഉത്തരേന്ത്യൻ സംഘം പിടിയിൽ. അരകോടി രൂപയാണ് തമിഴ് നാട് സ്വദേശികളിൽ നിന്നും സംഘം തട്ടിയത്. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), വിപുൾ മഞ്ചി (43), ധർമ്മേഷ് (38) കൃപേഷ് (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
നാമക്കൽ സ്വദേശികളായ സ്വർണ്ണപ്പണിക്കാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകയെടുത്ത് സ്വർണ്ണാഭരണ ഫാക്ടറിയിൽ നിന്നും ശേഖരിച്ച സ്വർണ്ണ തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചു വച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിൾ എടുപ്പിച്ച ശേഷം പ്രതികൾ ഒരു മുറിയിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന ടേബിളിനു മുകളിൽ വച്ചിരുന്ന ത്രാസ്സിലേക്ക് സാംപിൾ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ചെയ്തു.
Read Also: ലഹരിക്കായി മരുന്നുപയോഗം; പാലായിൽ ലഹരിക്കായി ഉപയോഗിക്കാൻ കൊണ്ടുവന്ന മരുന്ന് പിടികൂടി
ഇതിനിടെ ഈ സമയം ടേബിളിനടിയിൽ മുൻകൂട്ടി നിശ്ചയിച്ച് ഒളിച്ചിരുന്ന പ്രതികളിലൊരാൾ ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണ്ണ ലായനി ഇൻഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. ആദ്യം വാങ്ങിയ സാംപിൾ മണ്ണിൽ നിന്നും പ്രൊസ്സസ്സിംഗ് ചെയ്ത് സ്വർണ്ണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നൽകി 5 ടൺ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്.
സാംപിളായി എടുത്ത മണ്ണിൽ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണ്ണം ലഭിച്ചതിനെ തുടർന്ന് സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എസിപി പി. രാജ് കുമാറിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് സേന്ദമംഗലം പോലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ അന്വേഷണം നടന്നു വരികയാണ്.
Story Highlights : Four-member gang arrested in fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here