‘എമ്പുരാന്‍ കാണും, ചിത്രം എല്ലാ വീടുകളിലും ചർച്ചയാവണം’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

എമ്പുരാന്‍ കാണും, ചിത്രം എല്ലാ വീടുകളിലും ചർച്ചയാവണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിനിമ താൻ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമ എല്ലാവരും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നത്. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണ്. എല്ലാ വീടുകളിലും എമ്പുരാനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.ആഗോള ബോക്സ് ഓഫീസില്‍ രണ്ട് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ 100 കോടി സ്പെഷല്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുമുണ്ട്. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്.
പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ ആദ്യം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോഴേ ചിത്രം നേടിയെടുത്തിരിക്കുന്ന ഹൈപ്പ് ചലച്ചിത്ര വ്യവസായത്തിന് ബോധ്യപ്പെട്ടതാണ്. റിലീസ് ദിനത്തിലെ കളക്ഷനിലും ചിത്രം ഞെട്ടിച്ചിരുന്നു.
Story Highlights : George Kurian about Empuraan Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here