എമ്പുരാന്റെ കഥ മോഹന്‍ലാലിന് തുടക്കം മുതലേ അറിയാം, പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങിയല്ല റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി. കഥ ആര്‍ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. (antony perumbavoor on empuraan controversy)
എമ്പുരാന്റെ കഥ തുടക്കം മുതല്‍ മോഹന്‍ലാലിന് അറിയാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. തീരുമാനങ്ങള്‍ എല്ലാം എല്ലാവരും ചേര്‍ന്നെടുത്തതാണ്. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്‍ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്‍ പുറത്തിറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
അതേസമയം റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളിലെത്തും. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റി. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി.
Story Highlights : antony perumbavoor on empuraan controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here