കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി; ടീമിന് താമസിക്കാന്‍ സെവന്‍സ്റ്റാര്‍ ഹോട്ടല്‍ അപ്പാടെ ബുക്ക് ചെയ്യും

ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം അവസാനം കേരളത്തില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുമെന്ന പ്രഖ്യാപനം ഇതിനകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍ മെസിയും കൂട്ടരും രണ്ട് പ്രദര്‍ശനമത്സരങ്ങള്‍ കളിക്കുമ്പോള്‍ അതിനായി കേരളം ചിലവിടേണ്ട തുക നൂറ് കോടിയാണ്. ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടനുസരിച്ച് സന്ദര്‍ശക ടീമിനായി ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബുക്ക് ചെയ്യുമെന്നും പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പറയുന്നു.
ഇന്ത്യയില്‍ അര്‍ജന്റീനയുമായി പ്രദര്‍ശനമത്സരം കളിക്കേണ്ട ടീം ഏതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നീലക്കുപ്പായക്കാരുടെ എതിരാളികളായി എത്തുന്ന ടീമിനി അമ്പത് കോടിയായിരിക്കും ലഭിക്കുക. 2011-ല്‍ കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരെ ലോകകപ്പ് യോഗ്യത മത്സരം കളിച്ചപ്പോഴാണ് 37 കാരനായ മെസി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം 1-0 സ്‌കോറില്‍ അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. എട്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസ്സി നയിച്ച അര്‍ജ്ന്റീന 2022 ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ കിരീടം ചൂടിയിരുന്നു.
കേരളത്തിന്റെ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് മെസിയും സംഘവും കേരളത്തില്‍ കളിക്കാനെത്തുമെന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ അര്‍ജന്റീന കളിക്കുമെന്ന ഉറപ്പുകിട്ട നീണ്ട കാത്തിരിപ്പായിരുന്നു. കഴിഞ്ഞ മാസമാണ് അര്‍ജന്റീന കളിക്കാനെത്തുമെന്ന ഉറപ്പ് സര്‍ക്കാരിന് ലഭിച്ചത്. ടീമിനായി ചെലവാകുന്ന തുകക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ലോക ചാമ്പ്യന്‍മാരെ കേരളത്തിലേക്ക് എത്തുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ഫാബിയന്‍ ടാപ്പിയയും അര്‍ജന്ററീന ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. മെസി ഇന്ത്യയില്‍ പ്രദര്‍ശന മത്സരം നടത്തുന്നതോടെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) അന്താരാഷ്ട്ര വികസനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നതായും മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Story Highlights: The Argentina team will play friendly matches in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here