Advertisement

‘ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അത്യന്തം ഹീനം’ ; അപലപിച്ച് മുഖ്യമന്ത്രി

April 3, 2025
Google News 2 minutes Read
PINARAYI

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനും അക്രമികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമാണ്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് അവയ്ക്കു പിന്നിലുള്ളവര്‍ മനസിലാക്കണം. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതും അശാന്തി വളര്‍ത്തുന്നതുമായ നടപടികളില്‍ നിന്ന് അവര്‍ പിന്തിരിയുകയും വേണം – മുഖ്യമന്ത്രി പറഞ്ഞു.

മണിപ്പൂരില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ഉത്തരവാദത്തപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ലെന്നും അതാകട്ടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇന്ത്യയിലെ വര്‍ധിക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താന്‍ അവര്‍ തയ്യാറാവണം – അദ്ദേഹം വ്യക്തമാക്കി.

ജബല്‍പൂരില്‍ ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ട എല്ലാ സഹായവും ചെയ്യാന്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാരും യൂണിയന്‍ സര്‍ക്കാരും തയ്യാറാവണമെന്നും ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Chief Minister Pinarayi Vijayan condemns attack on Christians in Jabalpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here