ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം

നടൻ പൃഥിരാജിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ൽ 5 നിർമാണകമ്പനികളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്നാണ് വിശദീകരണം. 2022ൽ ആശിർവാദ് സിനിമാസിന്റെ ഓഫീസിസുകളിൽ പരിശോധന നടന്നിരുന്നു. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ നിർമാണവുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം നൽകണം. ഇതിൽ പ്രധാനമായും ഓവർസീസ് ബിസ്സിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ആന്റണി പെരുമ്പാവൂർ ഈ മാസം അവസാനത്തോടെ വ്യക്തത വരുത്തേണ്ടത്.
ദുബൈയിൽ വെച്ച് മോഹൻലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടും വിശദീകരണം നൽകണം. എമ്പുരാൻ വിവാദത്തിന് പിന്നാലെയാണ് സംവിധായകനും നിർമാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ
എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read Also: പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
അതേസമയം, കഴിഞ്ഞ ദിവസം പൃഥിരാജിന് 2022ൽ പുറത്തിറങ്ങിയ ഗോൾഡ്, കടുവ, ജനഗണമന എന്നീ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നത്. ഈ ചിത്രങ്ങളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമ്മാതാവ് എന്ന നിലയിൽ നാൽപ്പത് കോടിയോളം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. താരതമ്യേന സഹനിർമ്മാതാവ് അടയ്ക്കേണ്ട നികുതി തുക അഭിനേതാവിനേക്കാൾ കുറവാണ്. 2022ൽ ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് മാർച്ച് 29ന് നോട്ടീസ് അയച്ചതെന്നും, സ്വഭാവിക നടപടിയാണെന്നുമാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 29നകം പ്രതിഫലം സംബന്ധിച്ച് പൃഥ്വിരാജ് വിശദീകരണം നൽകണം.
Story Highlights : Income Tax Department issues notice to Antony Perumbavoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here