തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് CPIM

തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം. ചരിത്രപരമായ ഉത്തരവെന്ന് സിപിഐഎം പിബി ഇറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു. കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ഈ വിധി മാതൃകയാണെന്നും പിബി വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെ വിധി ശക്തിപ്പെടുത്തും. ബില്ലുകൾ അനിശ്ചിതകാലം പിടിച്ചുവയ്ക്കുന്ന ഗവർണർമാരുടെ നീക്കം ചെറുക്കാൻ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾക്ക് വിധി കരുത്താകും. നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരെയുള്ള താക്കീതാണ് വിധിയെന്നും ജനാധിപത്യത്തിന്റെ വിജയമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
10 ബില്ലുകൾ തടഞ്ഞുവച്ച തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടിയെ തെറ്റായതും നിയമവിരുദ്ധവും എന്നാണ് ഉത്തരവിൽ സുപ്രീംകോടതി വിമർശിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് മുൻപിൽ എത്തിയാൽ ആർട്ടിക്കിൾ 200 ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥൻ ആണെന്ന് കോടതി ഓർമിപ്പിച്ചു. അനുമതി നിഷേധിച്ച തിരിച്ചയച്ച ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല.ബില്ലുകൾ തടഞ്ഞുവയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണം എന്ന സമയപരിധി ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും ജസ്റ്റിസ് ജെ ബി പാർദിവാല ഉത്തരവിൽ പറഞ്ഞു.
തമിഴ്നാട് പാസാക്കിയ പത്തു ബില്ലുകൾക്കും സുപ്രീംകോടതി അംഗീകാരം നൽകി.ഭരണഘടന എത്ര നല്ലതാണെങ്കിലുംഅത് നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ അത് മോശമാണെന്ന് തെളിയുമെന്ന ബി.ആർ. അംബേദ്കറുടെ വാക്കുകൾ പരാമർശിച്ചായിരുന്നു ജസ്റ്റിസ് ജെ ബി പർദ്ധിവാല ഉത്തരവ് വായിച്ച് അവസാനിപ്പിച്ചത്. ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി ചീഫ് ജസ്റ്റിസ് പരിഗണിച്ച ഘട്ടത്തിൽ ജസ്റ്റിസ് ജെ ബി പർദിവാലയുടെ ഈ വിധി സംസ്ഥാനം ചൂണ്ടിക്കാട്ടി.പർദിവാലയുടെ ബെഞ്ചിലേക്ക് ഹർജി വിടണമെന്ന കേരളത്തിന്റെ ആവിശ്യം അംഗീകരിച്ചില്ല. 23 മാസമായി ബില്ലുകൾ തടഞ്ഞു വച്ചിരിക്കുന്നു എന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.ഇന്നത്തെ വിധിയുടെ പരിധിയിൽ വരുമോ എന്നത് പരിശോധിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു.
Story Highlights : CPIM welcomes Supreme Court verdict against Tamil Nadu Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here