തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി; ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജം

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി അമേരിക്ക. ഇന്നോ നാളെയോ ഇന്ത്യയിൽ എത്തിക്കും. ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. പ്രത്യേക എൻഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. ഡൽഹിയിലെത്തിക്കുന്ന റാണയെ വൈദ്യപരിശോധനക്ക് വിധേയനാക്കും. എൻഐഎ ആസ്ഥാനത്തേക്കാണ് പ്രതിയെ എത്തിക്കുക. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
റാണയുടെ കസ്റ്റഡി റിമാൻഡിനുള്ള രേഖകൾ എൻഐഎ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. റാണയെ നാളെ തന്നെ കോടതിയിൽ ഹാജരാക്കും. സുരക്ഷാ കാരണങ്ങളാൽ ഓൺലൈൻ വഴി വാദം കേൾക്കൽ നടക്കുക. മൂന്ന് എൻഐഎ ഉദ്യോഗസ്ഥരും മൂന്ന് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരുമാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. ഒരാഴ്ച മുന്നേ സംഘം അമേരിക്കയിൽ എത്തിയിരുന്നു.
റാണയെ തീഹാർ ജയിലിലേക്കാകും മാറ്റുക. ജയിലിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ, ഫെബ്രുവരിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടർന്നാണ് റാണ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാകിസ്ഥാൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി തഹാവൂർ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.
2011ലാണ് ഭീകരാക്രമണത്തിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുർന്ന് 13 വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. ജനുവരിയിൽ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Story Highlights : Mumbai terror attack case accused Tahawwur Rana handed over to India will brought tomorrow in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here