ഗ്രൗണ്ടില്‍ രസം പടര്‍ത്തിയ കാഴ്ച്ച, ഡൈവ് ചെയ്തിട്ട പന്ത് കണ്‍മുന്നില്‍ ‘അപ്രത്യക്ഷമായി’; ഇഷാന്‍ കിഷാനെ സഹായിച്ച് പാറ്റ് കമ്മിന്‍സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്നലെ നടന്ന ഐപിഎല്‍ ടി20 മത്സരത്തിനിടെ കാണികളിലും കളിക്കാരിലും ചിരി പടര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറി. ഹൈദരാബാദിന്റെ പ്രധാന ബാറ്റര്‍മാരിലൊരാളായ ഇഷാന്‍ കിഷന് ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് രസകരമായ സംഭവം ഉണ്ടായത്. ഒന്നാം ഇന്നിംങ്‌സിലെ ആദ്യ ഓവര്‍ എറിയാനെത്തിയത് മുഹമ്മദ് ഷമിയായിരുന്നു. രണ്ടാം പന്തില്‍ പഞ്ചാബിന്റെ ഓപ്പണിംഗ് ബാറ്റര്‍ പ്രഭ്സിമ്രാന്‍ സിംഗ് അടിച്ച പന്ത് മുഹമ്മദ് ഷമിയെയും മറികടന്ന് ബൗണ്ടറിയിലേക്ക് പോകുന്നത് മികച്ച ഒരു ഡൈവിലൂടെ തടഞ്ഞതായിരുന്നു ഇഷാന്‍ കിഷാന്‍. എന്നാല്‍ തടഞ്ഞിട്ട പന്ത് പൊടുന്ന പുല്‍മൈതാനത്ത് അപ്രത്യക്ഷമായി. തെല്ല് നേരം പന്ത് എവിടെയെന്ന് തിരയുകയായിരുന്നു ഇഷാന്‍ കിഷാന്‍. ഇത് കണ്ട ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തന്നെ ഓടിയെത്തി പന്ത് കൈയ്യിലെടുക്കുയായിരുന്നു. മൈതാനത്ത് ഒരുക്കിയ സ്‌പോണ്‍സര്‍ മാറ്റില്‍ അടിച്ച വെളുത്ത നിറത്തില്‍ വെള്ള നിറമുള്ള പന്ത് കിടന്നപ്പോള്‍ കുറച്ചു സെക്കന്റുകളെങ്കിലും ഇഷാന്റെ കാഴ്ച നഷ്ടപ്പെട്ടുപോകുകയായിരുന്നു. ആശയക്കുഴപ്പത്തില്‍ പന്ത് തപ്പുന്ന ഇഷാനെ കണ്ടാണ് ക്യാപ്റ്റന്‍ ഓടിയെത്തി പന്ത് കൈക്കലാക്കിയത്. ഇത് കണ്ട ഇഷാന്‍ അമളി പറ്റിയത് മനസിലാക്കി പാറ്റ് കമ്മിന്‍സിനെ നോക്കി ചിരിക്കുന്നുമുണ്ട്. ഗ്യാലറിയിലും കമന്റേറ്റര്‍മാരിലും ഒപ്പം സഹതാരങ്ങളിലും ഒരുപോലെ ചിരി പടര്‍ത്തിയ രംഗങ്ങളായിരുന്നു ഇത്. എന്നിരുന്നാലും ഒരു റണ്‍സ് മാത്രമാണ് ഈ പന്തില്‍ പഞ്ചാബിന്റെ പ്രഭ്‌സിമ്രാന്‍ സിംഗിന് എടുക്കാന്‍ സാധിച്ചുള്ളു. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
Story Highlights: Ishan Kishan Searches For Ball In A Fielding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here