Advertisement

റഷ്യ തൊടുത്ത മിസൈൽ പതിച്ചത് ഇന്ത്യൻ കമ്പനിയുടെ ഗോഡൗണിൽ? കരുതിക്കൂട്ടി ആക്രമണമെന്ന് യുക്രൈൻ

April 13, 2025
2 minutes Read

റഷ്യ തൊടുത്തുവിട്ട മിസൈൽ ഇന്ത്യൻ ഫാർമ കമ്പനിക്ക് മേലെ പതിച്ചതായി യുക്രൈൻ. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന് ഇന്ത്യയിലെ ഉക്രൈൻ എംബസി പ്രതികരിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസും ഹെൽത്ത്കെയറിന്റെ വെയർഹൗസ് ആണ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇന്ത്യയിലെ യുക്രൈൻ എംബസി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി പ്രത്യേക സൗഹൃദം എന്ന് അവകാശപ്പെടുന്ന റഷ്യ കരുതിക്കൂട്ടി യുക്രൈനിലെ ഇന്ത്യൻ ബിസിനസ്സുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നു എന്നാണ് ആരോപണം.

എന്നാൽ ആക്രമണമോ അതിലുണ്ടായ നാശനഷ്ടങ്ങളോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഇന്ത്യ, റഷ്യ സർക്കാരുകളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. യുക്രൈനിലെ ബ്രിട്ടീഷ് അംബാസഡർ ആയ മാർട്ടിൻ ഹാരിസ്, എക്സിൽ പങ്കുവെച്ച കുറിപ്പിലും റഷ്യയുടെ ആക്രമണത്തിൽ മരുന്നു കമ്പനി തകർക്കപ്പെട്ടതായി പറയുന്നുണ്ട്. എന്നാൽ ഇത് കുസും ഹെൽത്ത് കെയർ ആണോ എന്ന് മാർട്ടിൻ ഹാരിസിന്റെ പോസ്റ്റിൽ വ്യക്തമല്ല.

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുസും ഹെൽത്ത് കെയർ ലോകത്തെ 29 ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയാണ്. യുക്രൈൻ, മൾഡോവ, ഉസ്ബകിസ്ഥാൻ, ഖസാക്കിസ്ഥാൻ, കെനിയ, ഐവറി കോസ്റ്റ്, ബെനിൻ, ബുർക്കിന ഫാസോ, എത്യോപ്യ, നൈജർ, കാമറൂൺ, മാലി, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് കമ്പനിക്ക് ശാഖകൾ ഉള്ളത്.

2022 ഫെബ്രുവരി മാസത്തിലാണ് റഷ്യയും യുക്രൈനും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയത്, പിന്നീട് ഇങ്ങോട്ട് ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചു. കഴിഞ്ഞമാസം ഇനി ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പുനൽകിയിരുന്നെങ്കിലും, അതിനുശേഷം പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ഇവർ ആരോപിച്ചിരുന്നു. ഈ ഗണത്തിലെ ഒടുവിലത്തെ ആരോപണമാണ് ഇപ്പോൾ ഇന്ത്യൻ മരുന്നു കമ്പനിക്ക് നേരെ ആക്രമണം ഉണ്ടായെന്നത്.

Story Highlights : Ukraine says Russian strike hit Indian pharma firm Kusum healthcare’s warehouse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top