മുതലപ്പൊഴിയിലെ മണൽ മൂടൽ; സമരസമിതി നാളെ ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകും

തിരുവനന്തപുരം മുതലപ്പൊഴിയിൽ മണൽ അടിഞ്ഞുകൂടി അഴിമുഖം അടഞ്ഞതോടെ ബദൽ മാർഗം തേടി സർക്കാർ. മത്സ്യബന്ധനത്തിനായി തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റാനുള്ള നീക്കത്തിൽ തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തി.
മുതലപ്പൊഴിയിൽ കുടിൽകെട്ടി സമരം നടത്തുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. സിഐടിയു ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് ഉപരോധിക്കും. സർക്കാർ നടപടികൾക്കായി മൂന്ന് ദിവസം കാത്തിരിക്കുമെന്ന് സമരസമിതി വ്യക്തമാക്കി. ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകുമെന്നും വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും സമരസമിതി തീരുമാനം എടുത്തു.
Read Also: അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും, സ്വയം രാജി വെക്കില്ല; കെ.എം എബ്രഹാം
മണൽ അടിഞ്ഞു കൂടിയതോടെ പൊഴി ഇപ്പോൾ ഒരു ബീച്ചായി മാറി. മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്ക് പോകാനും വരാനും കഴിയാത്ത സ്ഥിതിയാണുള്ളത്. മണൽ നീക്കം കൃത്യമായി നടക്കാത്തതും തിരിച്ചടിയാണ് .ജെസിബിയും എസ്കവേറ്ററും മാത്രം ഉപയോഗിച്ചാണ് നിലവിലെ മണൽ നീക്കം. 8 മീറ്റർ ആഴത്തിൽ അടഞ്ഞിട്ടുള്ള മണൽ ഈ രീതിയിൽ നീക്കിയാൽ മഴക്കാലത്തിനു മുമ്പ് പോലും പൊഴി സാധാരണ നിലയിൽ ആകില്ല. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളെ കൊല്ലം ഹാർബറുകളിലേക്ക് താൽക്കാലികമായി മാറ്റാനുള്ള ആലോചന ഫിഷറീസ് വകുപ്പിൽ നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പ് സെക്രട്ടറി കൊല്ലം തിരുവനന്തപുരം ജില്ല കളക്ടർമാരെ ചുമതലപ്പെടുത്തി. തങ്കശ്ശേരി, ജോനഗപ്പുറം ഹാർബറുകളിലേക്ക് താൽക്കാലിക മാറ്റത്തിനാണ് വകുപ്പ് നീക്കം നടത്തുന്നത്.
Story Highlights : Sand cover in Muthalapozhi; Protest committee to submit a petition to the Fisheries Minister tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here