Advertisement

‘സതീഷ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ്’; ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറി, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

April 15, 2025
2 minutes Read
satish

അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയുടെ ചവിട്ടിൽ സതീഷിന്റെ വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചു കയറിയതിനാൽ രക്തം വാർന്നായിരുന്നു മരണം സംഭവിച്ചത്. ശ്വാസകോശത്തിലും ശരീരഭാഗത്തും രക്തം കട്ടപിടിച്ചു. താലൂക്ക് ആശുപത്രിയിൽ സതീഷിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സതീഷിനൊപ്പം മരണപ്പെട്ട വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ അംബികയുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളജിൽ നടക്കുകയാണ്. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കും. അംബികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞ് പ്രതിഷേധമുണ്ടായിരുന്നു. കോൺഗ്രസിന്റെ ബെന്നി ബെഹനാൻ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ബന്ധുക്കൾ മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. എം പിക്കെതിരെയും ബന്ധുക്കൾ രംഗത്തെത്തി. മുൻപ് കാട്ടാനയാക്രമണം ഉണ്ടായപ്പോൾ ഇടപെടാത്ത എംപി ഇപ്പോൾ മൃതദേഹം കൊണ്ടുപോകുന്നത് തടയുന്നത് എന്തിനാണെന്നും ബന്ധുക്കൾ ചോദിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റി മൃതദേഹവുമായി എത്തിയ ആംബുലൻസിന് വഴി നൽകിയത്.

Read Also: ‘ഇത്രയും നാൾ ആരും കോളനിയിലേക്ക് വന്നില്ലലോ, പെട്ടെന്ന് പോസ്റ്റുമോർട്ടം ചെയ്യണം’; മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ എംപിക്കെതിരെ അംബികയുടെ ബന്ധുക്കൾ

ഇന്നലെ രാത്രിയാണ് സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവർ വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. സംഘം താൽക്കാലികമായി കുടിലൊരുക്കിയത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിലെ പാറപ്പുറത്തായിരുന്നു. വന്യജീവികൾ വരാതിരിക്കുന്നതിന് കുടിലിനു മുന്നിൽ വിറകു കൂട്ടിയിട്ട് തീയിട്ടു. പക്ഷേ കനത്ത മഴയിൽ തീ കെട്ടതോടെ കാട്ടാനക്കൂട്ടം ഇവരുടെ കുടിലിനരികിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. ആനയെ കണ്ടതോടെ നാലുപേരും നാലു ദിക്കിലെ കൂടി. ഇതിനിടയിൽ സതീഷിനെ ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിയുകയായിരുന്നു .

രക്ഷപ്പെട്ട് ചാലക്കുടിപ്പുഴ നീന്തിക്കിടന്ന രമയും ഒപ്പമുണ്ടായിരുന്ന രവിയും രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞുകൂടി. രാവിലെ തിരികെയെത്തിയപ്പോഴാണ് പാറപ്പുറത്ത് മരിച്ചു കിടക്കുന്ന സതീശനെ കണ്ടത്. ചാലക്കുടിപ്പുഴയോട് ചേർന്ന് അംബികയുടെ മൃതദേഹവും കണ്ടെത്തി. കാട്ടാന ആക്രമണങ്ങളിൽ കാട്ടാൻ ആക്രമണങ്ങളിൽ മൂന്നുപേരുടെ ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് അതിരപ്പിള്ളിക്കാർ.

അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം. അതിരപ്പിള്ളി മേഖലയിൽ ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.

Story Highlights : A tribal youth, Satish, died in Athirappilly after being trampled by a wild elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top