Advertisement

ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല,അത് എന്റെ പിഴവാണ്, ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’: മാല പാര്‍വതി

April 18, 2025
Google News 2 minutes Read

ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണത്തിൽ മറുപടിയുമായി നടി മാല പാർവതി. ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് മാല പാർവതി പറഞ്ഞു. ഷൈനിന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് താന്‍ ചെയ്തതെന്നും മാല പാര്‍വ്വതി വിശദീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മാലാ പാര്‍വ്വതിയുടെ പ്രതികരണം

പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും എനിക്ക് പറ്റിയ പിഴയായി നിങ്ങൾ ഇത് കാണണമെന്നും അവർ വിവരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്‍റെ പേരിൽ അവർ ഒറ്റപെടില്ലെന്നും മാല പാർവതി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മാലാ പാർവതി, ഷൈൻ ടോം ചാക്കോ – യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എൻ്റെ അനുഭവം പറഞ്ഞു.

ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context – ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എൻ്റെ സെറ്റിലെ, അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു. അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു . വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻസി കേസ് കൊടുക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.

രണ്ടാമത്തെ വിഷയം – കോമഡി ” എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ” പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.

ഒരു ടെലി ഇന്നിൻ്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസ്സിലാക്കുന്നു. ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു. നന്ദി.

Story Highlights : Maalaparvathy on shine tom chacko vincy issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here