മൂർഷിദാബാദിലെ സംഘർഷ ബാധിത മേഖല സന്ദർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മൂർഷിദാബാദിലെ സംഘർഷ ബാധിത മേഖല സന്ദർശിച്ചു. കലാപബാധിത മേഖലകളിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഗവർണർ സി വി ആനന്ദബോസ് സന്ദർശനം നടത്തിയത്. കൊൽക്കത്തയിൽ നിന്നും ട്രെയിൻ വഴി മാൾഡയിൽ എത്തിയ ഗവർണർ കലാപത്തിന്റെ ഇരകളുമായി സംസാരിച്ചു. സാഹചര്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ കോടതി വിലക്കിയിട്ടും, തന്റെ പദവി ദുരുപയോഗം ചെയ്താണ് ഗവർണറുടെ സന്ദർശനമെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ബിജെപിക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് വിമർശിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർന്റെ നേതൃത്വത്തിലുള്ള സംഘവും, കലാപബാധിതരിൽ നിന്നും മൊഴി എടുത്തു.കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കൽക്കട്ട ഹൈക്കോടതി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ,സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി. സ്ഥിതിഗതികൾ ശാന്തമാകും വരെ കേന്ദ്രസേന വിന്യാസം തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു. ന്യൂനപക്ഷ മുസ്ലീം ജനതയെ ഇന്ത്യ സംരക്ഷിക്കണമെന്ന് ബാംഗ്ലദേശ് സർക്കാർ വക്താവ് ഷഫിക്കുൾ ആലം നടത്തിയ പരാമർശം ഇന്ത്യ തള്ളി.
സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശ് ശ്രദ്ധിക്കണമെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ പ്രതികരിച്ചു.
അതേസമയം, ഗവർണർ ബി ജെപിയുടെ ഏജന്റ് ആയി പ്രവർത്തിക്കുന്നു എന്ന് ടി എം സി നേതാവ് കല്യാൺ ബാനർജി വിമർശിച്ചു. ക്രമസമാധാന നില മെച്ചപ്പെടുന്നതിനായി കലാപബാധിത പ്രദേശത്തേക്ക് ആരും പോകരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. തന്റെ സ്ഥാനം ദുരുപയോഗം ചെയ്താണ് ഗവർണർ കലാപബാധിത മേഖല സന്ദർശിച്ചതെന്നും ടിഎംസി ആരോപിച്ചു.
Story Highlights : West Bengal Governor C.V. Anandabose visits conflict-affected areas in Murshidabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here