രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി; KPCC പ്രതിഷേധം 29ന്, കെ സുധാകരനും വി ഡി സതീശനും പങ്കെടുക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയതിൽ കെപിസിസി പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിസംഗത പുലര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെയും ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
വൈകുന്നേരം 4ന് കോട്ടമൈതാനിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍,ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍,കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ചതിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് പ്രസംഗം നടത്തിയത്.
പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാല് തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ പ്രസംഗം.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.
Story Highlights : KPCC Protest Rahul Mamkootathil bjp issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here