പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

റെയില്‍വേ സ്റ്റേഷനില്‍ 13കാരിക്ക് പാമ്പുകടിയേറ്റു. കൊല്ലം പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ശ്രീലക്ഷ്മിക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ശ്രീലക്ഷ്മി വീട്ടുകാര്‍ക്കൊപ്പം ചെന്നെ എഗ്മോര്‍ ട്രെയിനില്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നിറങ്ങിയത്. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ സ്റ്റേഷന്റെ പ്രധാനം കവാടം അടച്ചിരിക്കുകയായിരുന്നു. മറ്റൊരു കവാടം വഴി പുറത്തേക്കിറങ്ങുമ്പോഴാണ് കാലില്‍ പാമ്പുകടിച്ചത്. ഈ ഭാഗത്ത് വെളിച്ചവും കുറവായിരുന്നു. പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചതോടെയാണ് കൂടെയുള്ളവര്‍ സംഭവമറിഞ്ഞത്. ഉടന്‍ തന്നെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഓടിക്കൂടിയവര്‍ പാമ്പിനെ തല്ലിക്കൊന്നു. കാടുമൂടിക്കിടക്കുന്ന പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായ് മാറിയിരിക്കുകയാണ്. കാടു വെട്ടിതെളിച്ചും ആവശ്യത്തിന് വെളിച്ചമൊരുക്കിയും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് കാലങ്ങളായ് ഉയരുന്ന ആവശ്യമാണ്.
Story Highlights : 13-year-old girl bitten by snake at Punalur railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here