‘ഞാനൊരു കമ്യൂണിസ്റ്റാണ്… ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകട്ടെ’; മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഓർത്ത് പി.രാജീവ്

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി പി രാജീവ്. മാര്‍പ്പാപ്പയെ നേരിട്ട് കാണാനും സംസാരിക്കാനും ലഭിച്ച അവസരത്തെക്കുറിച്ച് മന്ത്രി ഓർത്തടുക്കുന്നു. മാര്‍പാപ്പയെ നേരില്‍ കണ്ടപ്പോള്‍ ‘ഞാനൊരു കമ്യൂണിസ്റ്റാണ്. കേരളത്തില്‍നിന്നും വരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. അപ്പോള്‍ മറുപടിയായി ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് ഒരു ജപമാല തനിക്ക് മാര്‍പാപ്പ സമ്മാനിച്ചതായും പി രാജീവ് കുറിച്ചു.
പി രാജീവിന്റെ ഫേസ്ബുക് കുറിപ്പ്
പോപ്പ് ഫ്രാൻസിസിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. അന്ന് ‘ഞാനൊരു കമ്യൂണിസ്റ്റാണ്. കേരളത്തിൽനിന്നും വരുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഞാൻ സംഭാഷണം ആരംഭിച്ചപ്പോൾ ദൈവം നിങ്ങൾക്കൊപ്പമുണ്ടാകട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഒരു ജപമാല എനിക്ക് സമ്മാനിച്ചു. എൻ്റെ കയ്യിലുണ്ടായിരുന്ന ‘karl Marx’s capital and Present’ എന്ന പുസ്തകമായിരുന്നു തിരികെ ഞാൻ അദ്ദേഹത്തിന് നൽകിയത്. നിരവധി തവണ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങൾ തന്നെയായിരുന്നു ആ പുസ്തകത്തിലും ഉണ്ടായിരുന്നത്. ആ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ‘അർജൻ്റീനയിലെ ജീവിതത്തിൽ താൻ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നു എന്ന അദ്ദേഹത്തിൻ്റെ പ്രതികരണം അദ്ദേഹത്തിനോട് കൂടുതൽ താൽപര്യം സൃഷ്ടിച്ചു. 2018ലെ പ്രളയത്തിൽ മരണപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടിയും സെന്റ്പീറ്റേഴ്സ് സ്ക്വയറിലെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി. കേരളത്തെ സഹായിക്കാൻ അദ്ദേഹം ലോകത്തോട് അഭ്യർത്ഥിച്ചു.
സമീപകാലത്താണ് അദ്ദേഹത്തിൻ്റെ ആത്മകഥ വായിച്ചത്. യുദ്ധങ്ങളെക്കുറിച്ചും യുദ്ധക്കൊതിയന്മാരെക്കുറിച്ചുമെല്ലാം അദ്ദേഹം ‘ഹോപ്പ്’ എന്ന പേരിൽ എഴുതിയ ആത്മകഥയിൽ എഴുതിയിരിക്കുന്നു. ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തിൻ്റെ ആത്മകഥയിൽ എഴുതുമ്പോൾ കമ്മ്യൂണിസ്റ്റുകാരെ അംഗീകരിക്കുകയും ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രവൃത്തികളിൽ അദ്ദേഹം സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്. സമ്പന്നരുടെ മാത്രമായി ഈ ലോകം മാറുന്നുവെന്നതും നമുക്കിടയിൽ മതസ്പർധ ശക്തിപ്പെടുന്നുവെന്നതുമുൾപ്പെടെ എല്ലാ വിഷയങ്ങളും അദ്ദേഹത്തിൻ്റെ ആത്മകഥയിൽ നമുക്ക് വായിക്കാൻ സാധിക്കും. ആർക്കൊപ്പമായിരുന്നു അദ്ദേഹം എന്ന ചോദ്യത്തിന് അനീതിക്കിരയാകുന്ന എല്ലാവർക്കും കൈ ഉയർത്തി എനിക്കൊപ്പമായിരുന്നു അദ്ദേഹം എന്ന് മറുപടി നൽകാൻ സാധിക്കും വിധത്തിലൊരു ജീവിതം പോപ്പ് ഫ്രാൻസിസ് ജിവിച്ചു. ഒരുതവണയേ കണ്ടുള്ളൂ എങ്കിൽ കൂടി കൂടിക്കാഴ്ചയിൽ ചേർത്തുപിടിച്ച കൈകളിലും പുഞ്ചിരിയുള്ള മുഖത്തും ആ സ്നേഹം എനിക്കും മനസിലാക്കാൻ സാധിച്ചിരുന്നു. വിട…
Story Highlights : P. Rajeev remembers Pope Francis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here