വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം ബാക്കി…; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹാന്വേഷണ പരീക്ഷണങ്ങള്‍

പലസ്തീനായി പ്രാര്‍ത്ഥിച്ച, ഗസ്സയെ ഓര്‍ത്ത് ഉള്ളുരുകിയ, പാവങ്ങളേയും കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും തൊഴിലാളികളേയും വംശീയ വെറിയുടെ ഇരകളേയും ഹൃദയത്തില്‍ ചേര്‍ത്ത, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന മാനവികതയുടെ ആള്‍രൂപമായ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം ഒരു കാലം പങ്കിടാനായത് ഈ തലമുറയുടെ പുണ്യമാണ്. യുദ്ധങ്ങള്‍ക്കും അടിമച്ചര്‍ത്തലുകള്‍ക്കുമെതിരെയുള്ള നീതിയുടെ വെളിച്ചമാണ് അണഞ്ഞിരിക്കുന്നത്. എവിടെത്തുടങ്ങിയാലും സ്‌നേഹത്തിലേക്ക് മാത്രം ചെന്നെത്താവുന്ന വഴികള്‍ തെളിച്ച നല്ലിടയന്റെ നഷ്ടം വിശ്വാസി സമൂഹത്തിന്റെ മാത്രമല്ല നീതിയ്ക്കായി ദാഹിക്കുന്ന ലോകത്തിന്റൊകെ നഷ്ടമാണ്. (pope francis bouncer who became pontiff)
1936 ഡിസംബര്‍ 17-ന് ജനിച്ച അര്‍ജന്റീനക്കാരന്‍ ഹോഹെ മരിയോ ബെര്‍ഗോളിയോ, ദൈവവഴി തിരഞ്ഞെടുത്തത്, ലോകത്തിന് സമാധാനത്തിന്റെ വെളിച്ചം പകരാനായിരുന്നു. സുരക്ഷാ ജീവനക്കാരനായും കെമിസ്റ്റായും മെയിന്റനന്‍സ് തൊഴിലാളിയായും നയിച്ച ആദ്യ കാല ജീവിതം. 21-ാം വയസ്സില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു. 1958-ല്‍ ജസ്യൂട്ട് സംഘത്തില്‍ ചേര്‍ന്നു. 1969-ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1998-ല്‍ ബ്യൂണസ് അയേഴ്സിലെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പയായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ. ജെസ്യൂട്ട് സഭയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയുമായി പോപ്പ് ഫ്രാന്‍സിസ്.
Read Also: ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്
കരുതലിന്റേയും സഹജീവനത്തിന്റേയും സന്ദേശം മുഴക്കിയുള്ള ആ സാര്‍ത്ഥക ജീവിത യാത്രയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ സ്നേഹത്തിന്റെ പ്രതിപുരുഷനായി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ പിന്തുണച്ചു. കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം മാനവികതയുടെയുടെയും പുരോഗമനത്തിന്റെയും പക്ഷത്തായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഗസ്സയിലും യുക്രൈനിലും യുദ്ധത്തിന്റെ കെടുതി നേരിട്ടവര്‍ക്കൊപ്പമായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം. ട്രംപിന്റെ കുടിയേറ്റ നയത്തോട് വിയോജിച്ചു. മനുഷ്യരെ മനുഷ്യരായി പരിഗണിക്കാന്‍ ദൈവത്തിന്റെ നാമത്തില്‍ നിരന്തരം ആവശ്യപ്പെട്ടു. അത്യാഡംബരത്തിന്റെ പളപളപ്പിനോട് മുഖം തിരിച്ചുനിന്നു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു. ഒടുവില്‍ നിത്യനിദ്രയിലേക്ക്. ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയില്ലാത്ത ലോകം. ലോകം അത്രമേല്‍ കഠിനമായി കടന്നുപോയ കാലഘട്ടത്തില്‍ സ്നേഹത്തിന്റെ പ്രാര്‍ഥനാ ഗീതങ്ങളുമായി മുറിവൊപ്പിയ ആ സ്‌നേഹവായ്പിന്റെ നഷ്ടം എങ്ങനെ മറികടക്കുമെന്ന് അറിയാത്ത വേദനയിലാണ് വിശ്വാസികള്‍.
Story Highlights : pope francis bouncer who became pontiff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here