Advertisement

പരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം: പട്ടയവ്യവസ്ഥ ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

April 21, 2025
Google News 2 minutes Read
PARUNTHUMPARA

ഇടുക്കി പരുന്തുംപാറയിലെ വിവാദ റിസോര്‍ട്ട് നിര്‍മാണം പട്ടയവ്യവസ്ഥ ലംഘിച്ചെന്ന് റവന്യൂ വകുപ്പ്. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടി. കൈവശഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആയിരത്തിലധികം പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി. അന്വേഷണത്തിന്റെ ആദ്യഘട്ടം അടുത്തമാസം അഞ്ചിന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി പറഞ്ഞു. കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം മെയ് അഞ്ചിന് പൂര്‍ത്തിയാക്കും. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ്, പരുന്തുംപാറയില്‍ ബഹുനില കെട്ടിടം നിര്‍മ്മിച്ചത് പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്.

മഞ്ചുമല, പീരുമേട് എന്നീ വില്ലേജുകളിലെ രണ്ട് സര്‍വേ നമ്പരില്‍ സ്ഥലം കൈവശം വച്ചിരിക്കുന്ന ആയിരത്തിലധികം പേര്‍ക്കാണ് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിത്. പീരുമേട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 534 ലെ ഭൂമിക്ക് നല്‍കിയ പട്ടയം ഉപയോഗിച്ചാണ് മഞ്ചുമല വില്ലേജിലെ സര്‍വ്വേ നമ്പര്‍ 441 ലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. റവന്യൂ രേഖകളും, കൈവശക്കാര്‍ ഹാജരാക്കുന്ന രേഖകളും 15 ദിവസത്തിനുള്ളില്‍ പരിശോധിച്ച് നടപടിയെടുക്കും.

മറ്റൊരു സര്‍വ്വേ നമ്പറില്‍ കിട്ടിയ പട്ടയം ഉപയോഗിച്ച് പരുന്തുംപാറയില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതായി ഡിജിറ്റല്‍ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പട്ടയം കിട്ടിയ സ്ഥലം കണ്ടെത്താനുള്ള സര്‍വ്വേ വിഭാഗത്തിന്റെ പരിശോധനയും പുരോഗമിക്കുകയാണ്. പീരുമേട് താലൂക്കിലെ അഞ്ച് സര്‍വേ നമ്പറുകളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കെട്ടിട നിര്‍മ്മാണ നിരോധനാജ്ഞ മെയ് 5നാണ് അവസാനിക്കുക. ഇതിനുള്ളില്‍ കയ്യേറ്റുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കും. കയ്യേറ്റം എന്ന് തെളിഞ്ഞാല്‍ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കും. പരുന്തുംപാറയില്‍ അനധികൃതമായി റിസോര്‍ട്ട് നിര്‍മ്മിച്ച സജിത്ത് ജോസഫിന് കിട്ടിയെന്ന് അവകാശപ്പെടുന്ന പട്ടയം കൃഷിക്കും വീട് നിര്‍മ്മിക്കാനും മാത്രമുള്ളതാണ്. ഇവിടെയാണ് 5 ബഹുനില വാണിജ്യ കെട്ടിടം പണിതിരിക്കുന്നത്.

Story Highlights : Resort construction in Parunthumpara: violated the lease system, says the Revenue Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here