പഹല്‍ഗാം ഭീകരാക്രമണം: ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ്

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കുന്നു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും രംഗത്തെത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചാണ് പുടിന്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയത്. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
എല്ലാവിധത്തിലുമുള്ള തീവ്രവാദ ശക്തികളേയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പുടിന്‍ ഉറപ്പുനല്‍കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തന്റെ ആത്മാര്‍ത്ഥമായ ദുഃഖവും അലിവും അറിയിക്കണമെന്നും പരുക്കേറ്റവര്‍ വളരെ വേഗത്തില്‍ സുഖപ്പെടണമെന്ന് ആഗ്രഹിക്കുന്നതായും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Deeply disturbing news out of Kashmir, US supports India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here