‘അവരെ വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കും’; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ മോദി എക്‌സിലൂടെയാണ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത്. ഭീകരാക്രമണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ആര്‍ക്കും തകര്‍ക്കാനാകില്ലെന്നും കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി എക്‌സില്‍ കുറിച്ചു. ( PM Modi condemns Pahalgam terror attack)
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭീകരാക്രമണത്താല്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. അങ്ങേയറ്റം നീചമായ ഈ കൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അവരെ വെറുതെ വിടുകയില്ല. അവരുടെ പൈശാചികമായ അജണ്ട ഒരിക്കലും ജയിക്കില്ല. ഭീകരവാദത്തിനെതിരായ നമ്മുടെ പ്രതിരോധത്തിന് ഇളക്കംതട്ടുകയില്ല. അത് കൂടുതല്‍ ശക്തമാകുകയേയുള്ളൂ. മോദി എക്‌സില്‍ കുറിച്ചു.
വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. സംഭവത്തില്‍ എന്‍ഐഎ വിശദമായ അന്വേഷണം നടത്തും.
Story Highlights : PM Modi condemns Pahalgam terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here