Advertisement

‘ഈ ക്രൂരതയ്ക്ക് ആര്‍ക്കും ഒരു ന്യായീകരണവും പറയാനാകില്ല’; പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് പുടിന്‍

April 22, 2025
2 minutes Read
Vladimir Putin On Pahalgam Terror Attack

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചാണ് പുടിന്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയത്. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. (Vladimir Putin On Pahalgam Terror Attack)

എല്ലാവിധത്തിലുമുള്ള തീവ്രവാദ ശക്തികളേയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പുടിന്‍ ഉറപ്പുനല്‍കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തന്റെ ആത്മാര്‍ത്ഥമായ ദുഃഖവും അലിവും അറിയിക്കണമെന്നും പരുക്കേറ്റവര്‍ വളരെ വേഗത്തില്‍ സുഖപ്പെടണമെന്ന് ആഗ്രഹിക്കുന്നതായും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: പഹല്‍ഗാം ഭീകരാക്രമണം: 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

അതിനിടെ ആക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും ഇസ്രയേലും സിംഗപ്പൂരും രംഗത്തെത്തി. ഇന്ത്യയോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിര്‍ അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചു.

പഹല്‍ഗാമില്‍ നടന്ന നീചമായ ആക്രമണത്തില്‍ തങ്ങള്‍ വളരെയേറെ ദുഃഖിതരാണെന്ന് ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിര്‍ എക്‌സില്‍ കുറിച്ചു. എന്റെ മനസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമൊപ്പമാണ്. ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഇസ്രയേലുമുണ്ടാകുമെന്നും അദ്ദേഹം എഴുതി.

Story Highlights : Vladimir Putin On Pahalgam Terror Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top