ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല; പണം തിരികെ ആവശ്യപ്പെട്ട് കത്ത് നല്‍കി വാട്ടര്‍ അതോറിറ്റി

വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം 770 കോടി രൂപ ഖജനാവില്‍ ഇട്ടത്.
വര്‍ഷാവസാനം വായ്പയെടുക്കാന്‍ ട്രഷറി ബാലന്‍സ് കുറച്ച് കാണിക്കുന്നതും പണം വകമാറ്റുന്നതും പിന്നീട് അനുവദിക്കുന്നതും സര്‍ക്കാരിന്റെ പതിവ് രീതിയാണ്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒരാഴ്ച കഴിഞ്ഞ് പണം തിരികെ അതത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് പതിവ്. ഇതാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി ഒരു മാസം ആയിട്ടും വാട്ടര്‍ അതോറിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ച തുക തിരികെ നല്‍കിയിട്ടില്ല.
ഏപ്രില്‍ 10ന് പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി കെ. ജീവന്‍ ബാബു ഐഎഎസ് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ മൗനം തുടരുന്നു. പണം ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ വേണ്ടിയുള്ളതാണെന്നും വാട്ടര്‍ അതോറിറ്റി എംഡി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിക്ഷേപിച്ച 770 കോടിയില്‍ 719 കോടിയും കേന്ദ്ര പദ്ധതിയിലൂടെ വാട്ടര്‍ അതോറിറ്റിക്ക് കിട്ടിയതാണ്.
തദ്ദേശ സ്ഥാപന പരിധികളില്‍ പൊതുടാപ്പ് സ്ഥാപിക്കുന്നതിനുള്ള കുടിശികയിനത്തിലാണ് 719.16 കോടി രൂപ റവന്യൂ വരുമാനമായി വാട്ടര്‍ അതോറിറ്റിക്ക് ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി 1397.41 കോടി രൂപയുടെ ബാധ്യതകള്‍ കേരള വാട്ടര്‍ അതോറിറ്റിക്കുണ്ട്. കൂടാതെ വകുപ്പിന് കീഴില്‍ പല പദ്ധതികളും കരാര്‍ നല്‍കിയിട്ടുണ്ട്. പണം നഷ്ടമായതോടെ പെന്‍ഷനും ശമ്പളവും പോലും മുടങ്ങുമെന്ന അവസ്ഥയിലാണ്.
Story Highlights : 770 crore deposited in treasury account missing; Water Authority sends letter demanding return of money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here