പുലിപ്പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാള്‍; നല്‍കിയത് ചെന്നൈ വച്ച്: വേടന്റെ മൊഴി

പുലി പല്ല് കൈമാറിയത് രഞ്ജിത്ത് എന്നയാള്‍ എന്ന് റാപ്പര്‍ വേടന്റെ മൊഴി. ചെന്നൈയില്‍ വച്ചാണ് കൈമാറിയത്. ഇയാള്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണെന്നും പറഞ്ഞു. വേടന്റെ മൊഴി വനം വകുപ്പ് വിശദമായി എടുത്തു. കഴിഞ്ഞ വര്‍ഷമാണ് കൈമാറിയതെന്ന മൊഴിയും പൊലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.
കേസ് അതീവ ഗൗരവമായിത്തന്നെയാണ് വനം വകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്.
Read Also: പഹല്‍ഗാം ഭീകരക്രമണം; ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം
അതേസമയം, മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ വേടന്‍ സമ്മതിച്ചു. നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടന്‍ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലില്‍ വേടന്‍ പറഞ്ഞു.
പോലീസ് പിടികൂടിയ ശേഷം ഫ്‌ലാറ്റില്‍ വച്ചാണ് പോലീസിനോട് വേടന്‍ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്‌ഐആര്‍ പറയുന്നു. കേസില്‍ റാപ്പര്‍ വേടനും സുഹൃത്തുക്കള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. അതേസമയം വേടന്റെ മാലയിലെ പല്ല് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Story Highlights : The leopard tooth was handed over by a man named Ranjith; Vedan’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here