Advertisement

ഷൂട്ടിങ് റേഞ്ചിലെ ദ്രോണാചാര്യ ഓർമയായി

6 hours ago
Google News 5 minutes Read
cover

” ഓ… നോ …. വിശ്വസിക്കാൻ പറ്റുന്നില്ല.”

മുൻ ദേശീയ ഷൂട്ടിങ് കോച്ച് പ്രൊഫ. സണ്ണി തോമസ് അന്തരിച്ചെന്ന് പറഞ്ഞപ്പോൾ ഇന്ത്യയുടെ ഇപ്പോഴത്തെ ഷൂട്ടിങ് പരിശീലകരിൽ പ്രമുഖയായ ഒളിംപ്യൻ സുമ ഷിരൂർ പ്രതികരിച്ചത് അങ്ങനെയാണ്.അതേ, ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല ആ വിയോഗം.

അൻപത്തൊമ്പതാം വിവാഹ വാർഷികമാണെന്നു പറഞ്ഞ് വെള്ളിയാഴ്ച വിളിച്ചിരുന്നു. ഭാര്യയുമൊത്തുള്ള ഫോട്ടോയും അയച്ചു തന്നിരുന്നു. മരണ വാർത്ത ഉറപ്പിക്കാൻ പ്രഫ. സണ്ണി തോമസിൻ്റെ നമ്പറിൽ തന്നെ വിളിച്ചു. ഭാര്യ പ്രൊ. ജെസമ്മ പറഞ്ഞു.” പോയി…..” രാവിലെ ഭക്ഷണം കഴിച്ചിട്ട് കൈ കഴുകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യയുടെ മടിയിൽ തലവച്ചായിരുന്നു അന്ത്യം. മക്കൾ മൂന്നു പേരും സ്ഥലത്തില്ലായിരുന്നു.

പ്രൊഫ.സണ്ണി തോമസിന് എൺപത് തികഞ്ഞപ്പോൾ കോവിഡ് കാലമായിരുന്നു. ഗൂഗിൾ മീറ്റിൽ അഭിനവ് ബിന്ദ്ര, അഞ്ജലി ഭാഗവത് ,സുമ ഷിരൂർ തുടങ്ങി ഒട്ടേറെ ഒളിംപ്യൻമാർക്കൊപ്പം ആശംസ പറയാൻ അവസരം കിട്ടിയത് നന്ദിയോടെ ഓർക്കുന്നു.ഒരാളുടെ മികവ് മനസ്സിലാകുന്നത് അദ്ദേഹം മാറി തല്‍സ്ഥാനത്ത് മറ്റൊരാള്‍ വരുമ്പോഴാണ്. പ്രൊഫ.സണ്ണി തോമസ് 1992 മുതല്‍ 2012 വരെ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. 1994 മുതല്‍ 2014 വരെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഷൂട്ടിങ് ടീമിനെ പരിശീലിപ്പിച്ചു കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര മത്സരങ്ങളിലെ സേവനം വേറെ. 2001 ല്‍ ദ്രോണചാര്യ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പക്ഷേ, ഷൂട്ടിങ്ങിലെ ഇന്ത്യൻ കുതിപ്പിൽ അദ്ദേഹത്തിൻ്റെ റോൾ എന്തെന്ന് അറിയാൻ വീണ്ടും കാത്തിരിക്കേണ്ടിവന്നു.

2004 മുതല്‍ 2012 വരെ തുടരെ മൂന്ന് ഒളിംപിക്‌സിലും ഇന്ത്യ ഷൂട്ടിങ്ങില്‍ മെഡല്‍ നേടി. രാജ്യവര്‍ധന്‍ സിങ് രാത്തോഡ്, അഭിനവ് ബിന്ദ്ര, ഗഗന്‍ നരങ്, വിജയകുമാര്‍…. ഇവരൊക്കെ ഒളിംപിക് മെഡല്‍ ജേതാക്കളായി. പക്ഷേ, 2016 ല്‍ റിയോയിലും 2020ല്‍(2021) ടോക്കിയോയിലും ഇന്ത്യ ഷൂട്ടിങ്ങില്‍ മെഡല്‍ ഇല്ലാതെ മടങ്ങി. സണ്ണി തോമസ് ഇന്ത്യയുടെ ദേശീയ കോച്ച് മാത്രമായിരുന്നു. മെഡല്‍ ജേതാക്കള്‍ക്കൊക്കെ വിദേശ കോച്ചുകള്‍ ഉണ്ടായിരുന്നു. പക്ഷെ, ഇന്ത്യൻ നേട്ടത്തിൽ സണ്ണി തോമസിന്റെ റോള്‍ വളരെ വലുതായിരുന്നു.

പരിശീലകരെ ഒത്തൊരുമയോടെ നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ആ ഏകോപനത്തിന്റെ വിജയമാണ് ആഥന്‍സിലും ബെയ്ജിങ്ങിലും ലണ്ടനിലും നടന്ന ഒളിംപിക്‌സില്‍ കണ്ടത്. 2014 ല്‍ ദേശീയ പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ പ്രൊഫ.സണ്ണി തോമസ് റൈഫിള്‍ അസോസിയേഷന് എഴുതിയ കത്തിലെ വരികള്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല.

24 ഇന്ത്യന്‍ പരിശീലകര്‍ക്കു പുറമെ വിദേശ പരിശീലകരുമുള്ള ഇന്ത്യന്‍ സംഘത്തില്‍ ഐക്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. റൈഫിള്‍, പിസ്റ്റല്‍, ഷോട്ട് ഗണ്‍ വിഭാഗങ്ങള്‍ വേറിട്ടാണു പ്രവര്‍ത്തിക്കുന്നത്. അതില്‍ തന്നെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ വ്യത്യസ്തമായി നില്‍ക്കുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ച് വണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ടീം എന്ന ധാരണയില്‍ മുന്നോട്ടു പോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സണ്ണി തോമസ് വ്യക്തമാക്കിയിരുന്നു.

2016ൽ റിയോയില്‍ തിരിച്ചടി നേരിട്ടപ്പോഴും ഭാരവാഹികള്‍ ശ്രദ്ധിച്ചില്ല. ഒടുവിൽ ടോക്കിയോയില്‍ പരാജയം തുടര്‍ക്കഥയായി. ജസ്പാല്‍ റാണയെ തഴഞ്ഞ് റോണക് പണ്ഡിറ്റിന് ടോക്കിയോയില്‍ അവസരം നല്‍കി. ജസ്പാല്‍-മനു ഭാക്കര്‍ പ്രശ്‌നം, സണ്ണി തോമസ് ഉണ്ടായിരുന്നെങ്കില്‍ വഷളാകില്ലായിരുന്നു. ഒടിവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മനു പാരിസ് ഒളിംപിക്‌സില്‍ ഇരട്ട വെങ്കലം നേടിയപ്പോള്‍ ജസ്പാല്‍ റാണ ആദ്യം വിളിച്ചത് സണ്ണി തോമസിനെയായിരുന്നു. തൻ്റെ മുൻ പരിശീലകനെ കാണാൻ വരുന്നെന്ന് ജസ്പാൽ അറിയിച്ചിരുന്നെങ്കിലും സാധ്യമായില്ല.

മുപ്പത്തിരണ്ടു തവണ ഇന്ത്യന്‍ ടീമിനായി മത്സരിച്ച സണ്ണി തോമസ് 1967ല്‍ സംസ്ഥാന ചാമ്പ്യനും, 1976- ല്‍ ദേശീയ ചാമ്പ്യനുമായിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രഥമ ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യന്‍. മക്കള്‍ സനിലും മനോജും ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍മാരായിരുന്നു. മകള്‍ സോണിയയും ആദ്യമൊക്കെ ഷൂട്ടിങ്ങിൽ ശ്രദ്ധിച്ചിരുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സണ്ണി തോമസ് 1997ല്‍ ആണു വിരമിച്ചത്. ഭാര്യ ജസമ്മ ഇതേ കോളജില്‍ അധ്യാപികയായിരുന്നു.

ഷൂട്ടിങ് നിയമങ്ങള്‍ എല്ലാം അദ്ദേഹത്തിനു മനഃപാഠമായിരുന്നു. പിഴവുകള്‍ കൃത്യമായി അപഗ്രഥിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ക്യാംപിലൊക്കെ വലിയ ഉണര്‍വായിരുന്നു. ഓരോ ഷൂട്ടറുടെയും സ്വഭാവ വിശേഷങ്ങൾ അറിയാമായിരുന്നു. 1996 ൽ ന്യൂഡൽഹിയിൽ തുക്ലക്കാബാദിൽ ഡോ. കാർണി സിങ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യൻ ക്യാംപ് നടക്കുന്നു. ജസ്പാൽ റാണയ്ക്കിട്ട് സണ്ണി തോമസ് മൃദ
വയൊന്നു തൊഴിച്ചു.കണ്ടു നിന്ന മൻഷേർ പറഞ്ഞു. ” രാവിലെ അവൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചിരിക്കും “. ജസ്പാലിനോട് തന്നെ ഞാൻ ചോദിച്ചു .” ബൈക്ക് എവിടെയാണ് പാർക്ക് ചെയ്തതെന്ന് മറന്നു പോയി “.

ഇന്ന് മരണ വാർത്ത അറിയിച്ചപ്പോൾ മൻഷേർ അയച്ചുതന്ന അനുശോചന സന്ദേശം ചുവടെ.
Oh … very sad to hear! My respect to the man who gave me so much in my shooting career! Cannot forget his gentle demeanour and unflappability!!RIP Sir.

അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ ഇന്ത്യൻ താരങ്ങൾക്കെല്ലാം നല്ല ഓർമകൾ മാത്രം.

Story Highlights : Former national shooting coach Prof. Sunny Thomas passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here