കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടുത്തം: മൂന്നോളം രോഗികള്‍ മരിച്ചെന്ന് ടി സിദ്ദിഖ് എംഎല്‍എ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനടുത്തുള്ള മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടുത്തമുണ്ടായ സംഭവത്തില്‍ രോഗി മരിച്ചെന്ന ആരോപണവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. മൂന്ന് രോഗികള്‍ മരിച്ചെന്നാണ് എംഎല്‍എയുടെ ആരോപണം. അതിലൊന്ന് വയനാട് സ്വദേശി നസീറ എന്ന യുവതിയാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. വെന്റിലേറ്ററില്‍ നിന്നും ഇവരെ മാറ്റുന്നതിനിടെയാണ് രോഗി മരിച്ചതെന്ന് സിദ്ദിഖ് ആരോപിച്ചു. എന്നാല്‍ എംഎല്‍എയുടെ ആരോപണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പൂര്‍ണമായി തള്ളി. (t siddique allegation kozhikode medical college fire)
ഇന്ന് രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പ്രദേശത്തുനിന്നുള്ള നിരവധി ആംബുലന്‍സുകളും രോഗികളെ മാറ്റാനായി ഉപയോഗിച്ചുവരികയാണ്.
പൊലീസും ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനകളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രോഗികളെ ഒഴിപ്പിക്കുന്നത്. തീ നിയന്ത്രണവിധേയമാണെങ്കിലും വലിയ രീതിയില്‍ പുക നിലനില്‍ക്കുന്നത് രോഗികളേയും കൂട്ടിരിപ്പുകാരേയും ബുദ്ധിമുട്ടിക്കുകയാണ്.
Story Highlights : t siddique allegation kozhikode medical college fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here