Advertisement

കുട്ടി മുറിവുമായാണ് തിരികെ വീട്ടിൽ എത്തിയത്; തലയിലെ മുറിവിന് സ്റ്റിച്ച് ഇട്ടത് 2 ദിവസത്തിന് ശേഷം; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പേവിഷബാധയേറ്റ് മരിച്ച സിയയുടെ കുടുംബം

16 hours ago
2 minutes Read
zia

കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരി സിയയുടെ കുടുംബം. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് തലയിലെ മുറിവിന് സ്റ്റിച്ച് ഇട്ടതെന്ന് സിയയുടെ പിതാവ് സൽമാൻ ഫാരിസ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 48 മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞ് വിട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും ഫാരിസ്.

നായയുടെ കടിയേറ്റ് അര മണിക്കൂറിനകം കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ അവിടെയെത്തിയപ്പോൾ ഇതിന് ചികിത്സയില്ലെന്നാണ് പറഞ്ഞത്. പിന്നീടാണ് കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് കുട്ടിയെ കൊണ്ടുപോകുന്നത്. മെഡിക്കൽ കോളജിലെത്തി കുട്ടിയുമായി അരമണിക്കൂർ കാത്ത് നിൽക്കേണ്ടി വന്നുവെന്ന് പിതാവ് പറഞ്ഞു.

Read Also: തൃശൂർ പൂരം കലക്കൽ ; അന്വേഷണത്തിൽ നല്ല തൃപ്തി, മൊഴി കൊടുത്തത് മറച്ച് വെക്കേണ്ടതില്ല, മന്ത്രി കെ രാജൻ

ആശുപത്രിയിൽ എത്തിച്ചിട്ടും ആദ്യം കുട്ടിയെ ഡോക്ടർമാർ മൈൻഡ് ചെയ്തിരുന്നില്ല. 48 മണിക്കൂർ കഴിഞ്ഞാണ് അടുത്ത ചികിത്സ ഉള്ളൂ എന്നാണ് പറഞ്ഞത്. തലയിലാണ് പ്രധാന മുറിവ്. എന്നാൽ അത് ചികിത്സിക്കാനോ ഒബ്സർവേഷനിൽ വെക്കാനോ ഡോക്ടർമാർ തയ്യാറായില്ല. ചെറിയ മുറിവുകൾ ആണ് പരിശോധിച്ചത്. മകൾ മുറിവുമായാണ് മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് വന്നത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരാൾ പോലും വിളിച്ചില്ലെന്ന് കുടുംബം പറയുന്നു.

മലപ്പുറം പെരുവള്ളൂരിലാണ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയ മരിച്ചത്. മാർച്ച് 29 നാണ് സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരുക്കേറ്റു. മറ്റ് അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കടുത്ത പനി അനുഭവപ്പെടുകയും പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

Story Highlights : Family of Zia, who died of rabies, opposes Kozhikode Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top