റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസ് ; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസില്‍ കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
Story Highlights : Case against Vedan: Kodanad range officer transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here