കെ സുധാകരന്‍ വഴങ്ങിയില്ലെങ്കിലും പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും

കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ഹൈക്കമാന്റ് നീക്കങ്ങള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും, എന്നാല്‍ മാറ്റം അനിവാര്യമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഹൈക്കമാന്റ് നേതാക്കളെ അറിയിച്ചു. കെ സുധാകരന്‍ മാറ്റത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രഖ്യാപനം വൈകില്ലെന്നാണ് പ്രമുഖ നേതാക്കള്‍ക്ക് ലഭിച്ച വിവരം.
കെ സുധാകരനെ അനുനയിപ്പിച്ച് മാത്രം പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു എഐസിസി നേതൃത്വം. എന്നാല്‍ തത്കാലം പദവിയില്‍ നിന്നും മാറേണ്ടതില്ലെന്നതും അപമാനിച്ച് ഇറക്കിവിടാനാണ് ശ്രമമെന്നുമുള്ള സുധാകരന്റെ പ്രതികരണത്തില്‍ ഹൈക്കമാന്റും നീരസത്തിലാണ്. ഇതോടെ സുധാകരന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് തീരുമാനം.
എഐസിസി അധ്യക്ഷനുമായും രാഹുല്‍ ഗാന്ധിയുമായും സുധാകരന്‍ കൂടിക്കാഴ്ച നടത്തിയ ദിവസം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. എന്നാല്‍ സുധാകരന്‍ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. സുധാകരനെ അനുനയിപ്പിച്ച് മാത്രം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന് ഹൈക്കമാന്റ് നിലപാട് ആവര്‍ത്തിച്ചു. ഇതോടെ തീരുമാനം വൈകി. മാറ്റം അനിവാര്യമാണെന്ന നിലപാടില്‍ എഐസിസിയും മാറ്റം ഉള്‍ക്കൊള്ളാന്‍ കെ സുധാകരനും തയ്യാറാവാതെ വന്നതോടെ ദേശീയ നേതൃത്വം പ്രതിരോധത്തിലായി. കെപിസിസി അധ്യക്ഷപദവിയില്‍ തുടരാനുള്ള എല്ലാ ശ്രമങ്ങളും കെ സുധാകരന്‍ നടത്തി. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയെ കെ സുധാകരന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമായാണ്. അധ്യക്ഷസ്ഥാനത്തുനിന്നും തന്നെ മാറ്റാനുള്ള നീക്കം തത്കാലത്തേക്ക് ഉപേക്ഷിക്കണമെന്നായിരുന്നു സുധാകരന്‍ ആന്റണിയെ കണ്ട് അഭ്യര്‍ത്ഥിച്ചത്.
അസംബ്ലി തിരഞ്ഞെടുപ്പുവരെ തുടരാന്‍ അനുവദിക്കണമെന്നാണ് കെ സുധാകരന്‍ നേതൃത്വത്തിനു മുന്നില്‍ വച്ച നിര്‍ദ്ദേശം. പിണറായിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിനുശേഷം വിശ്രമം എന്നാണ് കെ സുധാകരന്റെ ആഗ്രഹം. അധികാരം നഷ്ടപ്പെട്ട് ഒന്‍പതു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് ഏതുവിധേനയും അധികാരം തിരികെ പിടിക്കുകയെന്നതുമാത്രമാണ് ലക്ഷ്യം. ഈ ലക്ഷ്യം സാധൂകരിക്കണമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയേ മതിയാകൂ. അതിനാല്‍ കെ സുധാകരന്റെ വ്യക്തിപരമായ ആവശ്യത്തിന് കാതുകൊടുക്കേണ്ടതില്ലെന്ന് എഐസിസി നേതൃത്വവും നിലപാട് സ്വീകരിച്ചിരുന്നു.
കെപിസിസി അധ്യക്ഷന്റെ ചുമതല ഏറ്റെടുത്ത കെ സുധാകരന്‍ പാര്‍ട്ടിയെ സജീവമാക്കുമെന്നും, സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പാര്‍ട്ടിയെ മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രാദേശിക തലത്തില്‍ പാര്‍ട്ടിയെ സജീവമാക്കി നിര്‍ത്താനുള്ള നടപടികള്‍പോലും കൈക്കൊണ്ടില്ല. പ്രതിപക്ഷനേതാവുമായി ഉണ്ടായ അകല്‍ച്ചയും നേതാക്കന്‍മാര്‍ തമ്മിലുള്ള ഐക്യമില്ലായ്മയും കെ സുധാകരന് വിനയായി മാറി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റാന്‍ ഹൈക്കമാന്റ് തീരുമാനിക്കുന്നത്.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷപദവിയില്‍ എത്തിയത് എഐസിസി നേതൃത്വവുമായി നിരന്തരമായി വിലപേശല്‍ നടത്തിയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരിക്കെ അദ്ദേഹവുമായി നിരന്തരം പോരാടി. 2018-2021 കാലയളവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു കെ സുധാകരന്‍. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ കഠിനമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നുവരെ സുധാകരന്‍ നിലപാടെടുത്തു. അധ്യക്ഷപദവിക്കായി നിരവധി തവണ കെ സുധാകരന്‍ ഹൈക്കമാന്റിനെ കണ്ട് ചര്‍ച്ചകള്‍ നടത്തി. അധ്യക്ഷനായിരുന്ന മുല്ലപ്പള്ളിയുമായി തുടക്കംമുതല്‍ അകല്‍ച്ചയിലായിരുന്നു കെ സുധാകരന്‍.
2021-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതോടെ മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതോടെ തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റെടുത്തു. മുല്ലപ്പള്ളിയോട് അധ്യക്ഷസ്ഥാനം ഒഴിയാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടതോടെ സ്ഥാനത്തുന്നിന്നും ഉടന്‍ രാജി പ്രഖ്യാപിച്ച് പാര്‍ട്ടി ആസ്ഥാത്തുനിന്നും പടിയിറങ്ങി. വിങ്ങുന്ന മനസുമായാണ് അന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മടങ്ങിയത്. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ചില പേരുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ വര്‍ക്കിംങ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ സുധാകരന്‍ തന്നെ അധ്യക്ഷനാകണമെന്ന് ശക്തമായി വാദിച്ചു. ഗ്രൂപ്പിനതീതമായി അണികളുടെ ശക്തമായ വികാരം മനസിലാക്കിയ ഹൈക്കമാന്റ് 2021 ജൂണ്‍ 8ന് കെ സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. കടുത്ത സി പി എം വിരുദ്ധനായ കെ.സുധാകരന്‍ പിണറായി വിജയന്റെ ശക്തനായ എതിരാളിയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി വിജയനെ ശക്തമായി എതിര്‍ക്കാന്‍ മടിച്ചപ്പോഴും സുധാകരന്‍ പലപ്പോഴും പിണറായിയുടെ വാദങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി എത്തി. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന കഥയും കൈകൊണ്ട് ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി അന്നത്തെ കെഎസ്‌യു നേതാവായിരുന്ന സുധാകരനെ ഭയപ്പെടുത്തിയെന്ന പിണറായി വിജയന്റെ വാദങ്ങളെയുമെല്ലാം അതിശക്തമായ ഭാഷയില്‍ നേരിടുന്നതാണ് കെ സുധാകരന്റെ രീതി. സുധാകരന്റെ ആരോഗ്യപ്രശ്നങ്ങളാണ് കെപിസിസി അധ്യക്ഷപദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തിന് പ്രധാനകാരണമായി ഹൈക്കമാന്റ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം രോഗബാധയെതുടര്‍ന്ന് സുധാകരന്‍ അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. തന്റെ ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ലെന്നാണ് സുധാകരന്റെ പ്രതികരണം.
പത്തനംതിട്ട എംപി ആന്റോ ആന്റണിയെ പുതിയ അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്റ് അന്തിമമായി തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു എഐസിസി. സുധാകരനെ മാറ്റാനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനും ഗുജറാത്ത് സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. ഡിസിസികള്‍ പുനസംഘടിപ്പിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാവാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള അധ്യക്ഷനെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ ആന്റോ ആന്റണിയില്‍ എത്തിയത്. ബെന്നി ബെഹനാന്റെ പേരും ഉയര്‍ന്നിരുന്നുവെങ്കിലും ആന്റോ ആന്റണിയെന്ന ഒറ്റപ്പേരിലേക്ക് ചര്‍ച്ചകള്‍ എത്തി. പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയെന്ന ചുമതലയാണ് പുതിയ അധ്യക്ഷന്റെ മുന്നിലുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കമാന്റ് തീരുമാനത്തില്‍ എത്തിയത്.
പത്തനംതിട്ടയില്‍ നിന്നും മൂന്നാം വട്ടവും പാര്‍ലമെന്റിലെത്തിയ ആന്റോ ആന്റണി എം പി യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ഡിസിസി അധ്യക്ഷനായും കെപിസിസി ജനറല്‍ സെക്രട്ടറിയായും ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ ആണ്.
Story Highlights : K. Sudhakaran’s removal from KPCC president post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here