മെറ്റ് ഗാലയില്‍ കേരളത്തിന്റെ കൈയ്യൊപ്പ്; അതിമനോഹരമായ കാര്‍പെറ്റ് നിര്‍മിച്ചത് ആലപ്പുഴയിലെ ‘നെയ്ത്ത് – എക്സ്ട്രാവീവ്’

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഫാഷന്‍ ഇവന്റായ മെറ്റ് ഗാലയില്‍ താരങ്ങള്‍ക്കൊപ്പം തന്നെ തിളങ്ങിയിരുന്നു കടുംനീല നിറത്തില്‍ ഡസൈനോട് കൂടിയ അതിമനോഹരമായ കാര്‍പ്പറ്റ്. കേരളത്തില്‍ നിന്നുള്ള സംരംഭമായ ‘നെയ്ത്ത് – എക്‌സ്ട്രാവീവ്’ ആണ് കാര്‍പെറ്റ് നിര്‍മിച്ചിരിക്കുന്നത്. 480 തൊഴിലാളികള്‍ 90 ദിവസം കൊണ്ട് നെയ്‌തെടുത്ത കാര്‍പ്പറ്റുകള്‍ ലോകത്തിന്റെയാകെ മനംകവര്‍ന്നു. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റര്‍ കാര്‍പ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയില്‍ നിന്നുള്ള കമ്പനി നിര്‍മ്മിച്ചുനല്‍കിയത്. മന്ത്രി പി രാജീവാണ് മെറ്റ് ഗാലയില്‍ പതിഞ്ഞ കേരളത്തിന്റെ കൈയ്യൊപ്പിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാര്‍പ്പറ്റുകള്‍ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് തുടര്‍ച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിന്റെ ടെക്‌സ്‌റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണെന്ന് മന്ത്രി കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാന്‍ മെറ്റ്ഗാല 2025 വേദിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കുമ്പോള്‍ മെറ്റ്ഗാലയിലെ കേരളത്തിന്റെ പങ്കാളിത്തം അടയാളപ്പെടുത്താന്‍ വേണ്ടിയാണീ കുറിപ്പ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2025 വേദിയില്‍ പാകിയിരിക്കുന്ന കടുംനീല നിറത്തില്‍ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാര്‍പ്പറ്റ് നിര്‍മ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തില്‍ നിന്നുള്ള സംരംഭമായ ‘നെയ്ത്ത് – എക്‌സ്ട്രാവീവ്’ ആണ്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റര്‍ കാര്‍പ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയില്‍ നിന്നുള്ള കമ്പനി നിര്‍മ്മിച്ചുനല്‍കിയത്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനര്‍മാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷന്‍ ഇവന്റ് ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. ‘Superfine: Tailoring Black Style,’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ മെറ്റ്ഗാല ഇവന്റില്‍ ഇതിനേക്കാള്‍ പ്രമേയത്തോട് നീതിപുലര്‍ത്തുന്ന കാര്‍പ്പറ്റുകള്‍ ഒരുക്കാനാകില്ലെന്ന് തന്നെ പറയാം. 480 തൊഴിലാളികള്‍ 90 ദിവസം കൊണ്ട് നെയ്‌തെടുത്ത കാര്‍പ്പറ്റുകള്‍ ലോകത്തിന്റെയാകെ മനംകവര്‍ന്നുവെന്നതില്‍ സംശയമില്ല. വൂള്‍ കാര്‍പ്പറ്റുകളില്‍ നിന്ന് മാറിയതിന് ശേഷം ഇത്തവണയും സൈസില്‍ ഫാബ്രിക്‌സാണ് കാര്‍പ്പറ്റ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2022ലും 2023ലും മെറ്റ്ഗാല ഇവന്റിനായി എക്‌സ്ട്രാവീവ്‌സ് കാര്‍പ്പറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാര്‍പ്പറ്റുകള്‍ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്‌സ്ട്രാവീവ്‌സ് തുടര്‍ച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിന്റെ ടെക്‌സ്‌റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.
Story Highlights : The beautiful carpet in Met Gala was made by ‘Neith – Extraweave’ in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here