‘നല്ല മനുഷ്യനായിരുന്നു, അച്ഛനെപ്പോലെ ഞാനും സൈന്യത്തിൽ ചേരും, അദ്ദേഹത്തിന്റെ മരണത്തിന് പകരം ചോദിക്കും’; പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്‍റെ മകൾ

ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിൽ ശനിയാഴ്ച പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് യാത്രാമൊഴി നൽകി നാട്. രാജ്യത്തിനായി വീരമൃത്യു വരിച്ച സുരേന്ദ്ര മോഗയുടെ മകൾ തന്റെ അച്ഛന് വൈകാരിക ആദരാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് സുരേന്ദ്രകുമാർ മൊഗെ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നു. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
“എനിക്ക് അഭിമാനം തോന്നുന്നു. എന്റെ അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു. ശത്രുക്കളെ കൊന്നൊടുക്കുകയും രാഷ്ട്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിനിടയിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതിൽ എനിക്ക് അഭിമാനമുണ്ട്,” വർത്തിക മാധ്യമങ്ങളോട് പറഞ്ഞു. വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും അച്ഛന്‍റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 വയസ്സുകാരിയായ മകൾ വർത്തിക പറഞ്ഞു. ഞങ്ങൾ അദ്ദേഹവുമായി ഇന്നലെ രാത്രി 9 മണിക്ക് സംസാരിച്ചപ്പോൾ, ഡ്രോണുകൾ വിഹരിക്കുന്നുണ്ടെങ്കിലും ആക്രമിക്കുന്നില്ലെന്ന് അച്ഛൻ പറഞ്ഞു.
“പാകിസ്താനെ പൂർണ്ണമായും അവസാനിപ്പിക്കണം. പാകിസ്താനെക്കുറിച്ച് ഒരു പരാമർശം പോലും ഉണ്ടാകരുത്. എന്റെ അച്ഛനെപ്പോലെ ഒരു പട്ടാളക്കാരനാകാനും അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരെ ഒന്നൊന്നായി ഇല്ലാതാക്കും,” വർത്തിക പറഞ്ഞു.
സർജന്റ് സുരേന്ദ്ര മോഗയുടെ മൃതദേഹം ഞായറാഴ്ച രാജസ്ഥാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ ജുൻജുനുവിലേക്ക് പൂർണ്ണ സംസ്ഥാന ബഹുമതികളോടെ അന്ത്യകർമങ്ങൾക്കായി കൊണ്ടുവന്നു. വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്‍റായിരുന്നു സുരേന്ദ്രകുമാർ മൊഗെ.
പാക് ഷെല്ലാക്രമണം നടക്കുമ്പോൾ ജമ്മു കശ്മീരിലെ ഉധംപൂരിൽ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. ശനിയാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് 36കാരനായ മൊഗെ വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
Story Highlights : join army and avenge fathers death Surendramogas daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here