ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവം: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബെയ്‌ലിന്‍ ദാസിനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ബെയ്ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രതിഭാഗം ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിന്‍ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു.
ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി. ലീഡിങ് വക്കീലാണ്- എന്നിവയായിരുന്നു ജാമ്യത്തിന് വേണ്ടി കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ആയിരുന്നു ജാമ്യത്തെ എതിര്‍ക്കാനുള്ള പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍. പ്രതിഭാഗത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു.
കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് പ്രതി ബെയ്‌ലിന്‍ ദാസിനെ പോലീസ് പിടികൂടിയത്.
Story Highlights : Court to pronounce verdict on Bailin Das’s bail plea today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here