Advertisement

ജി സുധാകരന്റെ വിവാദ പ്രസംഗം: പൊലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും; മൊഴി രേഖപ്പെടുത്തിയേക്കും

May 17, 2025
2 minutes Read
g sudhakaran

സിപിഐഎം സ്ഥാനാര്‍ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് നടപടികളിലേക്ക് കടക്കും. ഇന്ന് പൊലീസ് ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ സൗത്ത് പോലീസാണ് ജില്ലാ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ കേസെടുത്തത്. ബൂത്ത് പിടിച്ചെടുത്തത് മുതല്‍ വ്യാജരേഖ ചമച്ചത് വരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ ഉള്ളത്.

അതേസമയം, പൊലീസ് തിടുക്കത്തില്‍ നടപടികളിലേക്ക് കടന്നതില്‍ അസ്വസ്ഥനാണ് ജി സുധാകരന്‍. നിയമോപദേശം ലഭിച്ച് മിനുട്ടുകള്‍ക്കകം എഫ് ഐ ആര്‍ പുറത്ത് വന്നു. ഇത് ഉന്നതതല ഇടപെടല്‍ ഉണ്ടായതായി സുധാകരനുമായുള്ള അടുത്ത വൃത്തങ്ങള്‍ കരുതുന്നു. പ്രശ്‌നം സജീവമായി തുടരുമ്പോഴും പാര്‍ട്ടി നേതാക്കളാരും സുധാകരനെ ബന്ധപ്പെട്ടിട്ടില്ല. കേസെടുത്തതിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചിട്ടുമില്ല.

Read Also: റാപ്പർ വേടനെതിരായ വിവാദ പ്രസംഗം; എൻ ആർ മധുവിന് എതിരെ കേസ്

ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളിലാണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ ആറു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നാലു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്റെ നിയമോപദേശം ലഭിച്ചശേഷമാണു പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തെളിവില്ലാതെയാണ് പൊലീസ് നടപടി എന്ന വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ രംഗത്തെത്തി.

ജി സുധാകരനെ വീഴ്ച സംഭവിച്ചു എന്നും കേസ് വന്നെങ്കില്‍ നേരിടട്ടെ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി എന്ന സുധാകരന്റെ പ്രസംഗത്തെ തള്ളി 89ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ വി ദേവദാസ് രംഗത്ത് എത്തി.

Story Highlights : G Sudhakaran’s controversial speech: Police to take further action today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top