കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ ജിദ്ദയിലെത്തി; ഹൃദ്യമായ സ്വീകരണം

കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. പുതിയ ടെർമിനലിൽ ഇറങ്ങി ട്രെയിൻ വഴിയാണ് ഈ തീർഥാടകരെ മക്കയിൽ എത്തിക്കുന്നത്. അതേസമയം ഇന്ത്യയിൽ നിന്നും അര ലക്ഷത്തിലേറെ തീർഥാടകർ ഇതുവരെ ഹജ്ജിനെത്തി.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ആരംഭിച്ചത്. ആദ്യ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള തീർഥാടകർ ജിദ്ദ ഹജ്ജ് ടെർമിനലിലാണ് ഇറങ്ങുന്നതെങ്കിൽ, കൊച്ചിയിൽ നിന്നുള്ള തീർഥാടകർ എത്തുന്നത് ടെർമിനൽ ഒന്നിലാണ്. വിമാനത്താവളത്തിൽ തീർഥാടകരുടെ സേവനത്തിനായി ജിദ്ദയിലെ സന്നദ്ധ സംഘടനകൾ ഉണ്ട്. ഹജ്ജിന് അവസരം ലഭിച്ചത്തിലും മികച്ച സേവനങ്ങളിലുമുള്ള സന്തോഷം തീർഥാടകർ പങ്കുവെച്ചു.
ടെർമിനൽ ഒന്നിൽ ഇറങ്ങുന്ന തീർഥാടകർക്ക് ഹറമൈൻ ട്രെയിൻ വഴി മക്കയിലേക്ക് പോകാനുള്ള സൌകര്യമുണ്ട്. ഹജ്ജ് ടെർമിനലിൽ എത്തുന്നവർ ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഇന്നലെ വരെ 55,000-ത്തോളം തീർഥാടകർ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തി. ഇതിൽ 35,000-ത്തോളം തീർഥാടകർ മക്കയിലും ബാക്കിയുള്ളവർ മദീനയിലുമാണ് ഇപ്പോൾ ഉള്ളത്.
Story Highlights : Warm Welcome for Hajj Pilgrims from Kochi at Jeddah Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here