Advertisement

വിഴിഞ്ഞം, ദേശീയപാത വികസനം.. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

5 hours ago
Google News 2 minutes Read
pinarayi

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. മൂന്നാമതും തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാമെന്നുള്ള ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും സര്‍ക്കാരും. ഒരു മുന്നണിയുടെ സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം ഊഴം ലഭിക്കുക എന്നത് ചരിത്രനേട്ടമാണ്. എന്നാല്‍ അങ്ങനെയൊരു ചരിത്രം കേരളത്തിനില്ല. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ മികവില്‍ ഈ നേട്ടം കൈയെത്തിപ്പിടിക്കാമെന്ന ആവേശത്തിലാണ് സര്‍ക്കാര്‍. നവകേരളം പടുത്തുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ആവര്‍ത്തിക്കുകയാണ്.

രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം തന്നെയാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ കേരളം കൈവരിച്ച പ്രധാന നേട്ടങ്ങളില്‍ ഒന്ന്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികാസത്തിനും സാമൂഹ്യ പുരോഗതിക്കും വിഴിഞ്ഞം തുറമുഖം വഴിയൊരുക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു.

വ്യവസായ രംഗത്ത് കേരളം ഈ കാലയളവില്‍ കൈവരിച്ച വളര്‍ച്ചയും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് ചെറുകിട വ്യവസായ സംരംഭങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആരംഭിക്കാന്‍ സാധിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കി. സുസ്ഥിര വികസന സാമൂഹ്യ ക്ഷേമ മേഖലകളില്‍ നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം കേരളം തുടര്‍ച്ചയായി ഒന്നമതാണ്.

Read Also: ‘ലക്ഷ്യം നവകേരളം’ ; സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ദേശീയപാത ഒരുങ്ങുകയാണ്. സമാന്തരമായി തീരദേശ പാതയും, മലയോര ഹൈവെയും. ഗതാഗത സൗകര്യ വികസനത്തില്‍ നേട്ടങ്ങള്‍ അക്കമിട്ട് നിരത്താനാകും. കൊച്ചി മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി നാടിനു സമ്മാനിച്ചു. കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കിയ രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയും ഈ സര്‍ക്കാരിന്റെ അഭിമാനമാണ്. യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി വീശി നയമാറ്റം നടത്തിയതും ഏറെ വിപ്ലവാത്മകമായ മാറ്റമാണ്. ഗവര്‍ണറോടും, അവര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാരോടുമുള്ള പോരാട്ടം, നിയമനിര്‍മ്മാണം, നാല് ബിരുദ കോഴ്‌സുകള്‍, എന്നിവയെല്ലാംകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാല് വര്‍ഷവും ഉന്നത വിദ്യാഭ്യാസ മേഖല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

അതിദരിദ്രര്‍ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപനവും ഉടന്‍ പ്രതീക്ഷിക്കാം. അതിദരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ 2025 ഏപ്രില്‍ 15ലെ കണക്കുകള്‍ പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 കുടുംബത്തെ (78.74 ശതമാനം) നാളിതുവരെ അതിദരിദ്ര്യത്തില്‍നിന്ന് മുക്തരാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2025 നവംബര്‍ ഒന്നിനുമുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

വീട് ഇല്ലാത്തവര്‍ക്കായുള്ള ലൈഫ് മിഷന്‍, പൊതുജനാരോഗ്യ രംഗത്തെ വികസനത്തിനായി ആര്‍ദ്രം മിഷന്‍, ഒപ്പം ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണം യജ്ഞം ഇവയെല്ലാം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അതിദ്രുതം മുന്നോട്ട് പോകുന്നു.

Story Highlights : The second Pinarayi government enters its fifth year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here