Advertisement

അന്ന് വാജ്‌പേയി പറഞ്ഞു; ‘ഞാൻ ജീവിച്ചിരിക്കാനുള്ള കാരണം രാജീവ് ഗാന്ധി’

8 hours ago
3 minutes Read

ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മദിനമാണ്. ആധുനിക ഇന്ത്യയുടെ നിർമ്മിതിയിലേക്കുള്ള ധീരമായ ചുവടുവയ്പുകൾക്ക് നേതൃത്വം നൽകിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി.രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യയിൽ ഭീകരവാദവിരുദ്ധ ദിനമായും ആചരിക്കുന്നു.
രാഷ്ട്രീയം മാറ്റിവച്ചാണ് രാജീവ് പല കാര്യങ്ങളിലും പ്രവർത്തിച്ചിരുന്നത്. ജനാധിപത്യത്തിൽ ആശയങ്ങൾ പലതുണ്ടാകും. പക്ഷേ ആത്യന്തികമായി മനുഷ്യസ്‌നേഹത്തിൽ ഊന്നിയാകണം എല്ലാവരും പ്രവർത്തിക്കേണ്ടത്. 1984 ഒക്ടോബർ മുതൽ 1989 ഡിസംബർ രണ്ടു വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്നത്.

രാജീവ് ഗാന്ധി മരിച്ചതിനുശേഷം അടൽ ബിഹാരി വാജ്‌പേയി കരൺ താപ്പറിനു നൽകിയ ഒരു അഭിമുഖത്തിൽ ‘താൻ ജീവിച്ചിരിക്കാനുള്ള കാരണം രാജീവ് ഗാന്ധിയാണെന്ന് ‘ വെളിപ്പെടുത്തിയിരുന്നു. 1988-ലാണ് സംഭവം. വാജ്‌പേയി വൃക്ക പ്രശ്നവുമായി മല്ലിടുന്ന സമയം.

”രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ, എനിക്ക് വൃക്ക തകരാറുണ്ടെന്നും വിദേശത്ത് ചികിത്സ ആവശ്യമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാൽ പോകാനാകുന്നില്ലെന്നും അദ്ദേഹം എങ്ങനെയോ മനസ്സിലാക്കി. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധി സംഘത്തിൽ എന്നെ ഉൾപ്പെടുത്താൻ പോകുകയാണെന്ന് പറഞ്ഞു. ആ അവസരം ആവശ്യമായ ചികിത്സ ലഭിക്കാൻ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.” രാജീവിന്റെ നിർദ്ദേശപ്രകാരം താൻ പ്രതിനിധി സംഘത്തിൽ ന്യൂയോർക്കിലേക്ക് പോയെന്നും ചികിത്സയ്ക്കു വേണ്ട എല്ലാ ചെലവും സർക്കാർ വഹിച്ചെന്നും വാജ്‌പേയി പറയുന്നു.

ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. രാഷ്ട്രീയത്തിൽ തെല്ലും താൽപര്യമില്ലാതിരുന്ന രാജീവ് ഗാന്ധി, പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ നാൽപതാം വയസിൽ യാദൃച്ഛികമായി പ്രധാനമന്ത്രിപദത്തിലെത്തുകയായിരുന്നു. ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിച്ച രാജീവ് ഗാന്ധി സാങ്കേതിക, സാമ്പത്തിക രംഗങ്ങളിലും അടിമുടി മാറ്റങ്ങൾ കൊണ്ടുവന്നു.
ഭാവി മുന്നിൽ കണ്ടുള്ള നയങ്ങളായിരുന്നു രാജീവ് ഗാന്ധിയുടേത്. ടെലികോം വിപ്ലവം, വ്യാപകമായി നടപ്പാക്കിയ കംപ്യൂട്ടർവത്കരണം, വ്യവസായ നവീകരണം, സാങ്കേതിക മേഖലകൾക്ക് നൽകിയ ഊന്നൽ, വിദ്യാഭ്യാസരംഗത്തെ നൂതന പരീക്ഷണങ്ങൾ എന്നിവ ഇന്ത്യയുടെ രൂപം തന്നെ മാറ്റി.

കരവാദത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിൽ രാജീവ് ഗാന്ധി ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ ഇന്ത്യൻ സമാധാന സേനയെ അയച്ചത് സുപധാനമായ നീക്കമായിരുന്നു. ഈ ഇടപെടൽ എൽ ടി ടി ഇ-യുടെ ശത്രുതയ്ക്ക് കാരണമായി. അത് രാജീവ് ഗാന്ധിയുടെ ദാരുണമായ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന്, ഭീകരവാദത്തിനെതിരെ പോരാടുന്നതിനായി മെയ് 21 ഭീകരവാദ വിരുദ്ധ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights : Rajiv Gandhi is the reason why I am alive today: Atal Bihari Vajpayee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top