‘വിള്ളലുള്ളയിടത്തൊക്കെ പോയി റിയാസ് റീല്‍ ഇടട്ടെ; എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ്’; വിമര്‍ശിച്ച് വി ഡി സതീശന്‍

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെഡുക്കാന്‍ ഇവര്‍ നോക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലായി. രണ്ടാമത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൂര്‍ണമായ ക്രെഡിറ്റ് ഇവര്‍ എടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതില്‍ വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമെന്നാണ് മന്ത്രിക്ക് പരാതി. ഞങ്ങള്‍ക്ക് സന്തോഷമൊന്നുമല്ല. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതാണ്. റോഡ് നിര്‍മാണം അശാസ്ത്രീയമാണ്, അപാകതയുണ്ട് എന്ന് ഞാനുള്‍പ്പടെ പറഞ്ഞതാണ്. അന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടത്തി എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞതാണ്. അതാണ് പൊളിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.
കെ റെയിലിന് മാത്രമാണ് യുഡിഎഫ് എതിരു നിന്നിട്ടുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ പ്രശ്‌നമായിരുന്നുവെന്നും ഭൂമി ഏറ്റെടുത്ത് കൊടുത്തിരുന്നുവെങ്കില്‍ പത്ത് കൊല്ലം മുന്‍പ് യുപിഎ സര്‍ക്കാര്‍ ഇത് പണിതു തന്നേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡിപിആറുമായി ബന്ധപ്പെട്ട കാര്യം സുരേഷ് ഗോപി ഉത്തരവാദിത്തോടെ പറഞ്ഞതായിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിപിആര്‍ മാറ്റേണ്ടകാര്യം എവിടെയാണ് ഉണ്ടായിരിക്കുന്നത്, എന്നതുള്‍പ്പടെയുള്ള കാര്യം അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എന്‍എച്ച്എഐയുമായി ഒരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. റീല്‍സ് എടുക്കല്‍ മാത്രമേ ഉണ്ടായുള്ളു – അദ്ദേഹം വ്യക്തമാക്കി.
Story Highlights : V D Satheesan criticize Kerala Government on NH-66 collapse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here