ശക്തമായ മഴയും കാറ്റും; വീടുകൾ ഭാഗികമായി തകർന്നു തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം

കനത്ത മഴയിലും കാറ്റിലും തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി നിരവധി വീടുകൾ ഭാഗികമായി തകർന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്കും കേടുപാട് പറ്റി. പല മേഖലകളിലും വൈദ്യുതി ബന്ധം താറുമാറായി. ആലപ്പുഴ പാനൂരിൽ കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു.
ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴ തെക്കൻ കേരളത്തിൽ വിതച്ചത് കനത്ത നഷ്ടം. വെങ്ങാനൂർ ചാവടി നടയിൽ കനത്ത മഴയിൽ 4000 ത്തിലധികം വാഴ കൃഷി നശിച്ചു.15 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കിളിമാനൂർ മേലെ പയ്യനാട് വീടിനു മുകളിലേക്ക് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൂവച്ചൽ കാപ്പിക്കാട് വീടിനു മുകളിലേക്ക് റബ്ബർ മരം ഒടിഞ്ഞുവീണ് വയോധികന് തലയ്ക്ക് പരിക്കേറ്റു. പള്ളിപ്പുറത്ത് മരം കടപുഴകി നിരവധി വൈദ്യുതി പോസ്റ്റുകളും വീടുകളും തകർന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിൽ മരം ഒടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു. പെരുമ്പഴുതൂരിൽ വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു.
Read Also: കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത
ബാലരാമപുരം പേഴൂർക്കോണം അംഗൻവാടിയുടെ മേൽക്കൂര തകർന്നു. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഉയർത്തി. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്റ്റേഡിയത്തിന് സമീപം പ്ലാവ് വീടിന് മുകളിലേക്ക് വീണു. കോന്നി ഇളകൊള്ളൂർ സ്കൂളിന് സമീപം മരം വീണു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. കൊട്ടാരക്കര കുളക്കടയിലും പുനലൂരിലും മരം കടപുഴകി വീട് തകർന്നു. അഞ്ചൽ ഇടമുളക്കലിൽ ശിഹാബുദ്ദീന്റെ വീടിന്റെ മതിലിടിഞ്ഞ് തൊട്ടടുത്ത വീടിനു മുന്നിലേക്ക് മറിഞ്ഞു. കൊട്ടാരക്കര പെരുംകുളത്ത് 50 ൽ പരം വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിൽ കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു.നിരവധി തെങ്ങുകളും കടപുഴകിയിട്ടുണ്ട്.
Story Highlights : Heavy rain extensive damage in southern Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here