Advertisement

‘ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുമ്പോൾ ഇന്ത്യ ശത്രുവോ മിത്രമോ എന്ന് നോക്കാറില്ല’; കേരളം തുർക്കിക്ക് ധനസഹായം നൽകിയതിൽ തരൂരിന് മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി

11 hours ago
3 minutes Read

തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ കേരളം തുർക്കിക്ക് ധനസഹായം നൽകിയതിനെ വിമർശിച്ച ശശി തരൂരിനെതിരെ ജോൺ ബ്രിട്ടാസ് എംപി. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവരെ സഹായിക്കുമ്പോൾ ഇന്ത്യ ശത്രുവോ മിത്രമോ എന്ന് നോക്കാറില്ലെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

2010 ൽ പാകിസ്താനിൽ വെള്ളപ്പൊക്കമുണ്ടായ സന്ദർഭത്തിൽ, അന്നത്തെ യുപിഎ സർക്കാർ 25 മില്യൺ ഡോളർ സഹായം നൽകിയത് തരൂർ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. അന്ന് മുംബൈ ഭീകരാക്രമണം നടന്ന് വെറും രണ്ട് വർഷങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

എക്സ് പോസ്റ്റിലൂടെയാണ് 2023ലെ ഭൂകമ്പത്തിൽ തുർക്കിക്ക് 10 കോടി സഹായം നൽകിയ കേരള സർക്കാരിനെ ശശി തരൂർ വിമർശിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയപ്പോൾ, തുർക്കിഷ് നിർമിത ഡ്രോണുകളാണ് ഉപയോഗിച്ചത്. തുർക്കിയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ മഹാമനസ്കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയനാടൻ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവർക്ക് ആ തുക ഉപയോഗിക്കാമായിരുന്നു’ എന്ന് ശശി തരൂർ പോസ്റ്റിട്ടത്.

ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചത്

ഞാൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയവ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോ. ശശി തരൂർ. അദ്ദേഹത്തിനൊപ്പം മുൻപ് ഐ ടി സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഇപ്പോൾ വിദേശ കാര്യ സ്ഥിരം സമിതിയിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ വിദേശസന്ദർശനത്തിനുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് വൈമുഖ്യം കാണിച്ചതിനെ തുറന്നെതിർക്കാനും ഞാൻ മടിച്ചിട്ടില്ല. എന്നാൽ, രണ്ടു വർഷംമുൻപ്, 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ മോദി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി കേരളം തുർക്കിക്ക് ധനസഹായം നല്കിയതിനെ എടുത്തുപറഞ്ഞു വിമർശിക്കാൻ ശശി തരൂർ വ്യഗ്രത കാണിച്ചത് എന്നെയും അമ്പരപ്പിക്കുകയാണ്.

മാനുഷികപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാഷ്ട്രീയശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ആഗോള പൗരനെന്ന നിലയിലും പ്രശസ്തനായ അന്താരാഷ്ട്ര നയതന്ത്രജ്ഞൻ എന്ന നിലയിലും ഇത് അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്. എന്നിരിക്കേ, അദ്ദേഹം ഇത് എന്തുകൊണ്ടു വിസ്മരിച്ചു?

പാകിസ്താനുമായി പ്രശ്നങ്ങളുണ്ടായി തീവ്രദേശീയതപറയുന്ന ഘട്ടങ്ങളിൽപ്പോലും ആ രാജ്യത്തിനു സഹായം നല്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഓർമ്മയിലില്ലേ? 2005-ൽ ഭൂകമ്പവേളയിലും 2010-ൽ വെള്ളപ്പൊക്കമുണ്ടായപ്പോ‍ഴും രണ്ടര കോടി ഡോളർ വീതം ഇന്ത്യ പാകിസ്ഥാനു സഹായം നല്കിയിട്ടുണ്ട് – ഇന്നത്തെ വിലയ്ക്ക് 212 കോടി രൂപ. 2014-ൽ ജമ്മു-കശ്മീരിലും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും വെള്ളപ്പൊക്കമുണ്ടായപ്പോൾ പാകിസ്ഥാനു സഹായം നല്കാമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. 2022-ൽ പാകിസ്ഥാനിലെ മൂന്നിലൊന്നു ഭാഗവും വെള്ളത്തിനടിയിലായ വെള്ളപ്പൊക്കത്തിലും ഇന്ത്യ സഹായപ്രഖ്യാപനം നടത്തി.

തരൂർ ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ടായിരുന്നു – അദ്ദേഹത്തിന്റെ പാർട്ടി നയിച്ച രണ്ടാം യുപിഎ സർക്കാർ പാകിസ്താനിൽ 2010-ൽ പ്രളയം വന്നപ്പോൾ അര കോടി ഡോളർ നല്കിയത്. രണ്ടു കോടി ഡോളർ യുഎന്നിലൂടെയും നല്കി. മൊത്തം കൊടുത്തത് രണ്ടര കോടി ഡോളർ- ഏകദേശം 212 കോടി രൂപ ! 2008-ലായിരുന്നു 26-11 എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാന്റെ അതിഹീനമായ മുംബൈ ആക്രമണം. അതു ക‍ഴിഞ്ഞ് രണ്ടു കൊല്ലം ചെല്ലുമ്പോ‍ഴായിരുന്നു ഇന്ത്യയുടെ ഈ നടപടി. യുപിഎ സർക്കാരിൽ മന്ത്രിസ്ഥാനം കൈയാളിയിരുന്ന വ്യക്തികൂടിയാണ് തരൂർ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവശ്യം ഓർത്തിരിക്കേണ്ട അതു പോലും തരൂർ മറന്നത് എന്തുകൊണ്ട്?

ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേകസംഘത്തെ നയിച്ച് അമേരിക്കയിലേയ്ക്കു പുറപ്പെടുന്ന ഘട്ടത്തിലാണ് കേരള സർക്കാരിന്റെ വർഷങ്ങൾക്കു മുമ്പുള്ള നടപടി അനുസ്മരിച്ചു വിമർശിക്കാൻ തരൂർ തയ്യാറായത് എന്നതാണ് ഏറെ കൗതുകകരം. വർഷങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനമനുസരിച്ചു നല്കിയ സഹായത്തെ സങ്കുചിതരാഷ്ട്രീയനേട്ടത്തിനായി അദ്ദേഹം ഉപയോഗിക്കരുതായിരുന്നു. അദ്ദേഹത്തിൽനിന്ന് ഇതിലും മെച്ചപ്പെട്ട പ്രതികരണങ്ങൾ ആരും ആഗ്രഹിക്കും. എന്തിനായിരിക്കാം അദ്ദേഹം തന്റെ പദവി ഇടിച്ചുതാ‍ഴ്ത്തിയും കൃത്രിമ മറവി രോഗത്തിന് അടിമപ്പെട്ടും
ഇത്തരമൊരു സാഹസികകൃത്യത്തിന് മുതിർന്നത്? ആരെ തൃപ്തിപ്പെടുത്താനാണിത്?

— ജോൺ ബ്രിട്ടാസ്

Story Highlights : john brittas responds to shashi tharoor on turkey financial aid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top