‘പറന്ത് പോ’ യിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

റാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പറന്ത് പോ’ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്ത്.തന്റെ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങിയതിനോടൊപ്പം പുതിയ ചിത്രത്തിന്റെ വിശേഷവും ഒപ്പം സൂര്യകാന്തി പൂക്കളോടുള്ള തന്റെ ഇഷ്ടവും തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ റാം.
Read Also: ‘ഇരട്ട’ കണ്ട് ജോജുവിനോട് അസൂയ തോന്നി ; കമൽ ഹാസൻ
“പറന്ത് പോ” എന്ന എൻ്റെ സിനിമ ജൂലൈ നാലിന് റിലീസാവുകയാണ്. അതിലെ ആദ്യ സിംഗിൾ പുറത്തിറങ്ങിയിരിക്കുകയാണ്.ഞങ്ങൾ അതിന് “Sunflower – not a single, not a teaser”എന്നാണ് പേര് വെച്ചിരിക്കുന്നത്. കാരണം പാട്ടിനോടൊപ്പം സിനിമയിലെ ചില രംഗങ്ങളും അതിലുണ്ട്. എല്ലാവരെയും പോലെ എനിക്കും സൂര്യകാന്തിപ്പൂക്കൾ ഒരുപാടിഷ്ടമാണ്. എൻ്റെ ആദ്യ സിനിമയിൽത്തന്നെ, ഒരു മനോഹരമായ സൂര്യോദയത്തിൽ, അതിമനോഹരമായ ഒരു സൂര്യകാന്തിത്തോട്ടത്തിൽ വെച്ച് ഷൂട്ട് ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ‘കട്രത് തമിഴ്’ എന്ന സിനിമയിലെ “ഇന്നും ഓരിരവ്” എന്ന പാട്ട് ആന്ധ്രാപ്രദേശിലെ കടപ്പയിലുള്ള ഒരു സൂര്യകാന്തിത്തോട്ടത്തിലാണ് ചിത്രീകരിച്ചത്.
തങ്കമീൻകളിലെ “ആനന്ദ യാഴൈ” എന്ന ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു സൂര്യകാന്തിത്തോട്ടത്തിൽ വെച്ച് ചിത്രീകരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അത് സൂര്യകാന്തി പൂക്കുന്ന സമയമല്ലാത്തതുകൊണ്ട്, ആ ഗാനരംഗങ്ങൾക്കായി കേരളത്തിലെ അച്ചൻകോവിലിലെ കോടമഞ്ഞ് മൂടിയ മല ഞങ്ങൾ കയറി.’പേരൻപ്’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു സൂര്യകാന്തിപ്പാടത്തിന്റെ നടുവിൽ ഒരു വീട് കണ്ടെത്താൻ ശ്രമിച്ചിരുന്നു. പക്ഷേ, അന്നും സൂര്യകാന്തി പൂക്കുന്ന സമയമായിരുന്നില്ല. അങ്ങനെയാണ് അത് തമിഴ്‌നാട്ടിലെ കൊടൈക്കനാലിലെ ഒരു തടാകക്കരയിലേക്ക് മാറ്റിയത്.അതിനു ശേഷം “പറന്ത് പോ” എന്ന ഈ സിനിമയിലാണ്, കഥയിലേക്ക് സൂര്യകാന്തി പൂവ് സ്വാഭാവികമായി കടന്നുവന്നത്. ഇത്തവണയും പൂക്കൾ പൂത്ത് നിൽക്കുന്ന പ്രധാന സീസൺ ഞങ്ങൾക്ക് നഷ്ടപ്പെട്ടെങ്കിലും, കർണാടകയിലെ മൈസൂരിൽ ഒരു ചെറിയ പൂന്തോട്ടവും തമിഴ്‌നാട്ടിലെ അന്നൂരിൽ ഒരു ഒറ്റ സൂര്യകാന്തിപ്പൂവും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. എൻ്റെ ഓരോ സിനിമയും കഴിയുമ്പോൾ സൂര്യകാന്തിപൂക്കളെ സിനിമയിൽ ചിത്രീകരിക്കാനുള്ള എൻ്റെ അഭിനിവേശം കൂടുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. അതാണ് സൂര്യകാന്തി പൂക്കളുടെ പ്രത്യേകതയും.
ഒരൊറ്റ സൂര്യകാന്തിപ്പൂവിനെ കണ്ടാലും, ഒരു സൂര്യകാന്തിപ്പാടം കണ്ടാലും, അല്ലെങ്കിൽ അവയെക്കുറിച്ച് ചിന്തിച്ചാൽ പോലും ലഭിക്കുന്ന ആനന്ദവും ആവേശവും ഒന്നുതന്നെയാണ്. സൂര്യകാന്തിയുടെ ആ സുവർണ്ണശോഭ ഓർമ്മിപ്പിക്കുന്നത് അഗാധവും അടക്കാനാവാത്തതുമായ കടിഞ്ഞൂൽ പ്രണയത്തെയാണ്. ഞങ്ങളുടെ കാലത്ത് അതിനെ “ബാല്യകാലപ്രണയം”,”പപ്പി ലവ്” എന്നൊക്കെ വിളിച്ചിരുന്നു; ഇപ്പോൾ നമ്മുടെ മക്കൾ അതിനെ “ക്രഷ്” എന്ന് പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം, സൂര്യകാന്തി നിഷ്കളങ്കമായ ബാല്യകാല പ്രണയത്തെ, അതായത് ഒരു ‘ക്രഷിനെ’, പ്രതിനിധീകരിക്കുന്ന പൂവാണ്.ഒരു അച്ഛൻ്റെ ബാല്യവും മകൻ്റെ ബാല്യവും ഒന്ന് ചേരുന്ന പാട്ടാണ് “sunflower”.
ജൂലൈ 4-ന് “പറന്ത് പോ” റിലീസാകുമ്പോൾ, എല്ലായിടത്തും സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്നുണ്ടാകും. എന്തെന്നാൽ അത് സൂര്യകാന്തി പൂക്കുന്ന കാലമാണ്. സൂര്യകാന്തിപ്പൂക്കളോടൊപ്പം “പറന്ത് പോ” എന്ന ഈ സിനിമ കാണാൻ വരിക. ശിവ, ഗ്രേസ് ആൻ്റണി, അഞ്ജലി, അജു വർഗീസ്, വിജയ് യേശുദാസ്, പിന്നെ ഒരു കുട്ടിപട്ടാളവും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ടാകും. നിഷ്കളങ്കമായ പ്രണയവും, ആനന്ദവും, സമാധാനവും, നിങ്ങൾക്ക് ചുറ്റും പരക്കട്ടെ’ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
മദൻ കാർക്കിയുടെ വരികൾക്ക് സന്തോഷ് ദയാനിധി ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.
Story Highlights : The lyrical video song from ‘Parant Po’ is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here