Advertisement

എറണാകുളത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം

May 30, 2025
2 minutes Read
ernakulam

സംസ്ഥാനത്തെ മഴക്കെടുതിയിൽ വീണ്ടും ഒരു മരണം. ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു. വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോൺക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയിൽ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്. മകൾക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത് എന്നാൽ അപകടത്തിൽ പരുക്കേൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ മഴക്കെടുതിയിൽ മൂന്ന് പേരാണ് മരണപ്പെട്ടത്.

അതേസമയം, മഴ കനത്തതോടെ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കണ്ണമാലി, നായരമ്പലം ഭാഗത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നുവീണു . കാറ്റിനും മഴയ്ക്കും ഒപ്പം കടലാക്രമണവും രൂക്ഷമായതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് തീരദേശവാസികൾ .

തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. മണിക്കൂറുകളായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകൾ തകർന്നു. പത്തനംതിട്ടയിൽ വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നു.

Read Also: വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; പ്രളയ സാധ്യത ഇതുവരെ ഇല്ല, മന്ത്രി കെ രാജൻ

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ മണിക്കൂറുകളായി വൈദ്യുത ബന്ധവും താറുമാറായി. റെയിൽ പാതയിൽ മരവും വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണ് റെയിൽ ഗതാഗതവും സ്തംഭിച്ചു. അഗ്നിരക്ഷാസേനയുടെ തിരുവനന്തപുരം നിലയത്തിൽ മാത്രം ഇന്നലെ 77 അപകടങ്ങൾ വന്നെന്നാണ് കണക്ക്.

കൊല്ലത്ത് ശക്തമായ കാറ്റിൽ വാഹനങ്ങൾക്ക് മുകളിൽ മരങ്ങൾ കടപുഴകി വീണു. 22 വീടുകൾ ഭാഗികമായി തകർന്നു എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഫയർഫോഴ്സോ വനം വകുപ്പ് അധികാരികളോ എത്തുന്നില്ലെന്ന പരാതി ഉയർന്നു.

വയനാട്ടിൽ ഇടവിട്ടാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇതുവരെ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 13 വീടുകൾ ഭാഗികമായി തകർന്നു. 60 ഓളം മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി കടപുഴകി വീണത്. വെള്ളമുണ്ട കുഞ്ഞോത്ത് തോടിന് കുറുകെ നിർമ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി.

Story Highlights : Another death in rain-related incidents in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top