സ്വരാജ് നിലപാടുകളിൽ നിലമ്പൂർ തേക്കിന്റെ കരുത്തുള്ളവൻ; ഐ ബി സതീഷ്

നിലമ്പൂരിൽ എം സ്വരാജിന്റെ വിജയം ഇടതുപക്ഷ തുടർച്ചയുടെ തുടക്കമായിരിക്കുമെന്ന് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ്. നിലമ്പൂരിന്റെ മണ്ണിൽ പിറന്ന പിച്ചവച്ച് വളർന്ന് കേരളമാകെ പടർന്നൊരു തീനാമ്പ് ജന്മനാട്ടിൽ ഒരു ചരിത്ര നിയോഗവുമായി നിൽക്കുകയാണ് ചരിത്രമായ തുടർഭരണത്തിന്റെ നായകനായ ക്യാപ്റ്റനെ ഓർമ്മിപ്പിക്കുന്ന ചിലത് സ്വരാജിൽ ഉണ്ടെന്ന് ഐ ബി സതീഷ് ഫേസ്ബുക്കിൽ കുറിച്ചു.
വിജയത്തിൽ കുറഞ്ഞതൊന്നും സഖാവ് കുഞ്ഞാലിയുടെ നിലമ്പൂർ സ്വരാജിലൂടെ ഇടതുപക്ഷത്തിന് നൽകില്ല. സ്വരാജിന്റേത് സമരമാണ്. എല്ലാ വലതുപക്ഷ പിന്തിരിപ്പൻമാരും എതിരായി നിൽക്കുന്ന യുദ്ധമുഖത്ത് ഇടതുപക്ഷത്തിന് വേണ്ടി അക്ഷോഭ്യനായി സ്വരാജ് നിൽക്കുന്നു. ഇനിയുള്ള ദിവസങ്ങൾ നിലമ്പൂരിലൂടെ സ്വരാജിലൂടെ മൂന്നാം വട്ടവും ഇടതുപക്ഷത്തിനായുള്ള
യാത്രയൊരുക്കമാണ്. കേരളത്തിന്റെ ചായാത്ത ചരിയാത്ത രാഷ്ട്രീയ മനസ് സ്വരാജിൻ്റെ വിജയത്തിനായി ഒരുങ്ങിയിറങ്ങണമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
‘നിലമ്പൂരിന്റെ നിലപാടുകൾക്കായി കേരളം
കാത്തിരിക്കുന്നു…….
ഞങ്ങൾക്കുറപ്പുണ്ട്. സ:സ്വരാജിന്റെ തന്നെ വാക്കുകൾ നിയമസഭാ രേഖകളിലുണ്ട്
ചരിത്രത്തിൽ പ്രതിദ്ധ്വനിക്കുന്നുമുണ്ട്.
കേരള ചരിത്രത്തിൽ വെടിയുണ്ടക്കിരയായി ജീവൻ
നഷ്ടമായൊരു നിയമസഭാ സാമാജികനെയുള്ളൂ……
അത് നിലമ്പൂരിന്റെ കുഞ്ഞാലിയാണ്…… സഖാവ്
കുഞ്ഞാലി… സഖാവിൻ്റെ ജീവനെടുത്തത് കോൺഗ്രസാണ്.
കുഞ്ഞാലിയുടെ മണ്ണാണ് നിലമ്പൂർ…
ഞങ്ങളൊരിക്കൽ ഒരുമിച്ചുള്ള യാത്രയിൽ
ഡെറാഡൂണിലെ ഫോറസ്റ്റ് ഇൻസ്റ്റിറ്റൂട്ടിലെ മ്യൂസിയം
സന്ദർശിച്ചു,നിയമസഭാ സമിതിയുടെ സന്ദർശനത്തിന്റെ ഭാഗമായി .
ഏറ്റവും പഴക്കമേറിയ തേക്കിന്റെ കഷണം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
അത് നിലമ്പൂർ തേക്കിന്റെതാണ്.
ദൃഢമാണത്. കരുത്തേറിയത്.
ആ നിലമ്പൂരിന്റെ മണ്ണിൽ പിറന്ന പിച്ചവച്ച് വളർന്ന് കേരളമാകെ പടർന്നൊരു തീനാമ്പ് ജന്മനാട്ടിൽ ഒരു ചരിത്ര നിയോഗവുമായി നിൽക്കുന്നു……
ചരിത്രമായ തുടർഭരണത്തിന്റെ നായകനായ ക്യാപ്റ്റനെ ഓർമ്മിപ്പിക്കുന്ന ചിലതുണ്ട് സഖാവ് സ്വരാജിൽ……
അചഞ്ചലതയാണ്.
അക്ഷോഭ്യതയാണ്.
നിലപാടിലെ
ദൃഢതയാണ് നിലമ്പൂർ തേക്കിന്റെതു പോലത്തെ…….
ഉപചാരങ്ങളെ ഒഴിഞ്ഞു പോകും
ഉപജാപങ്ങളിൽ നിന്നകന്ന് നടക്കും
ഉടുപ്പുലയാതെയുളള കെട്ടിപ്പിടിത്തങ്ങളില്ല…..
ചുണ്ടത്തൊട്ടിച്ചുവക്കുന്ന കൃത്യമ ചിരികളില്ല……
പക്ഷെ കടലോളം കരുതലും സ്നേഹവുമുണ്ട്.
പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനുമപ്പുറമൊന്നുമില്ല…സ്വാധീനിക്കാനോ പ്രലോഭിപ്പിക്കാനോ ആർക്കുമോ എന്തെങ്കിലിനുമോ ആവില്ല
സ. സ്വരാജിനെ നിയമസഭക്ക് നഷ്ടമായതല്ല.
തൃപ്പൂണിത്തറ കേരളം മറക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയ നൃശംസ്യതയുടെ പരീക്ഷണശാലയായപ്പോൾ സംഭവിച്ച
ദുരന്തമാണ്….. പക്ഷെ നിലമ്പൂരിലെ സ.കുഞ്ഞാലിയുടെ
തുടർച്ചക്കുള്ള നിയോഗമായി പരിണമിക്കുകയാണത്
……..
സ .സ്വരാജിനിത് സമരമാണ്. .
എല്ലാ വലതുപക്ഷ പിന്തിരിപ്പൻമാരുംഎതിരായി
നിൽക്കുന്ന യുദ്ധമുഖത്ത് ഇടതുപക്ഷത്തിന് വേണ്ടി
അക്ഷോഭ്യനായി സ്വരാജ് നിൽക്കുന്നു.
നിലമ്പൂർ
നമ്മളൊരിക്കലും പരാജയപ്പെടാൻ പാടില്ലാത്ത
യുദ്ധമുഖമാണ്.
ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് കൂടെ കൂടിയവൻ
കച്ചവടത്തിന്റെ ലാഭ നഷ്ടം മോഹിച്ച് തൻകാര്യം നോക്കി ഒറ്റുകാരനായി മാറുമ്പോൾ……
ഉള്ളുറച്ച മാനവികതയുടെ കൊടിക്കുമുകളിലേയ്ക്ക് വെറുപ്പ്പടർത്തുന്ന കോമാളിയാകുമ്പോൾ…….
രാഷ്ട്രീയ കൃത്യതയുടെ അടയാളമായ സ്വരാജ്
പോർമുഖത്ത് നിവർന്ന് നിൽക്കുന്നു.
വിജയത്തിൽ കുറഞ്ഞതൊന്നും സ. കുഞ്ഞാലിയുടെ
നിലമ്പൂർ സ. സ്വരാജിലൂടെ ഇടതുപക്ഷത്തിന് നൽകില്ല. ഇനിയുള്ള ദിവസങ്ങൾ നിലമ്പൂരിലൂടെ സ. സ്വരാജിലൂടെ മൂന്നാം വട്ടവും ഇടതുപക്ഷത്തിനായള്ള
യാത്രയൊരുക്കമാണ്…
കേരളത്തിന്റെ ചായാത്ത ചരിയാത്ത രാഷ്ട്രീയ മനസ്
ഒപ്പം
സ സ്വരാജിൻ്റെ വിജയത്തിനായി ഒരുങ്ങിയിറങ്ങുക.
അത് ഇടതുപക്ഷ തുടർച്ചയുടെ തുടക്കമെന്നു കൂടിയറിയുക …….
Story Highlights : IB Sathish MLA reacts Nilambur ldf candidate M Swaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here