‘വിജയം യുഡിഎഫിന് തന്നെ; എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം കിട്ടും’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു.
യുഡിഎഫിന് തന്നെയാണ് വിജയമെന്ന് എല്ലാവരുടെും പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ എന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പത്ത് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പായിട്ട് ഇതിനെ ആരും കാണുന്നില്ല. കേരളം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി നിലമ്പൂരുകാർ വോട്ട് ചെയ്തെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷ ഭരണത്തിന്റെ ദുർഗതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ജനങ്ങൾക്ക് വേണ്ടിയും നിലമ്പൂരുകാർ വോട്ടുചെയ്യുമെന്ന പ്രതീക്ഷയാണ് അവർക്കൊക്കെയുള്ളത്. അതിന്റെ ഫല പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അൻവർ കരുതുന്നത്. മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. തികഞ്ഞ വിജയപ്രതീക്ഷ എൽഡിഎഫ് പങ്കുവച്ചിരിക്കുന്നത്.
Story Highlights : UDF candidate Aryadan Shoukath is confident of victory in Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here