വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബര്‍; നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ 15ന് അകം സൂചന പണിമുടക്ക്

വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബര്‍. നല്കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ 15ന് അകം സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് കത്ത് നല്കി. ഓഗസ്റ്റിലെ സിനിമാ കോണ്‍ക്ലേവ് ബഷിഷ്കരിക്കുമെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി. സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യരുതെന്നും പ്രശ്ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിക്കുകയായിരുന്നു.
ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനത്തോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തു വന്നത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട 100 കോടി ക്ലബ്ബുകളും മറ്റും വാസ്തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു. മലയാള സിനിമകളുടെ വര്‍ധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി എമ്പുരാന് സിനിമയുടെ ബജറ്റാണ് സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്.
എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്ന് ചോദിച്ചുകൊണ്ട് പരസ്യ വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂരടക്കം രംഗത്തെത്തിയിരുന്നു. രൂക്ഷമാവുന്ന തര്‍ക്കം പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ആണ് മുന്നിട്ടിറങ്ങിയത്. പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയും ചെയ്തു. എമ്പുരാന് തിയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് അറിയിച്ചത്.
Story Highlights : Film Chamber strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here