ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്. ഒരാഴചയ്ക്കുള്ളില്‍ അന്വഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ശിവഗംഗ കസ്റ്റഡിമരണത്തില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും സകലപ്രതിരോധങ്ങളെയും തകര്‍ത്തത് വഴിപോക്കനായി യുവാവ് പകര്‍ത്തിയ ഈ ദൃശ്യങ്ങളാണ്. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. മുപ്പതിലധികം പാടുകളാണ് ദേഹത്തുള്ളതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരിക രക്തശ്രാവമാണ് മരണകാരണം. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി തേച്ചു. പൊലീസ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണെന്നും വാടകക്കൊലയാളികള്‍ പോലും ഒരാളെ ഇങ്ങനെ മര്‍ദിക്കില്ലെന്നും കോടതി വിമര്‍ശിച്ചു.
ജില്ലാ ജഡ്ജി ജോണ്‍ സുന്ദര്‍ലാല്‍ സുരേഷിനാണ് ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ ചുമതല. മോഷണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രത്തിലെ സിസിടിവി ഡിവിആര്‍ പൊലീസ് കൊണ്ടുപോയെന്ന് ക്ഷേത്രഭാരവാഹി കോടതിയില്‍ പറഞ്ഞു. എന്നാല്‍ പൊലീസ് പിടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ ഇതില്ല. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പൊലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി.ശിവഗംഗ എസ്പി ആഷിഷ് റാവത്തിനെ ചുമതലയില്‍ നിന്ന് നീക്കി. പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ്.
Story Highlights : Sivaganga custodial death: Madras High Court Madurai Bench announces judicial inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here