Advertisement

ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല

1 day ago
Google News 2 minutes Read
sisa thomas

ഡിജിറ്റൽ സർവകലാശാല വി സി ഡോ. സിസ തോമസിന് കേരള സർവകലാശാലയുടെ വി സിയുടെ അധിക ചുമതല വഹിക്കും. ഈ മാസം എട്ടാം തീയതി വരെയാണ് അധിക ചുമതല നൽകിയിരിക്കുന്നത്. കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ സ്വകാര്യ റഷ്യൻ സന്ദർശനത്തിനായി അവധിയെടുത്ത സാഹചര്യത്തിലാണ് അധിക ചുമതല നൽകിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉത്തരവിട്ടു. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുള്ള നടപടിക്ക് ശേഷമാണ് അസാധാരണമായ അവധിയിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കുന്നത്.

സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഷനിലായ രജിസ്ട്രാർക്ക് പിന്തുണയേറുകയാണ്. സംസ്ഥാനത്തെ മന്ത്രിമാരും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കും പുറമെ വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്‌യുവും വി സിക്കെതിരെ രംഗത്തെത്തി.

വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. എസ്എഫ്ഐ ഇന്ന് രാജ്‌ഭവനിലേക്ക് മാർച്ച് നടത്തും.

Read Also: രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ വൈസ് ചാൻസിലർക്ക് അധികാരമില്ല; മന്ത്രി ആർ ബിന്ദു

സസ്‌പെൻഷൻ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ പറഞ്ഞു. സസ്പെൻഷൻ ഉത്തരവിൽ പറയുന്ന കാരണങ്ങൾ ശരിയല്ലെന്നും തന്നെ നിയമിച്ചിരിക്കുന്നത് സിൻഡിക്കേറ്റാണ് അതിനനുസൃതമായാണ് സർവകലാശാല രജിസ്ട്രാറായി പ്രവർത്തിക്കുന്നത്. ഗവർണറെ അപമാനിച്ചിട്ടില്ല. താൻ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്. ഗവർണർ വേദിയിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തൽ ശരിയല്ലെന്നും അനിൽകുമാർ പറ‌ഞ്ഞു.

അതേസമയം, രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും ബോധ്യപ്പെട്ടതായി വൈസ് ചാൻസലർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നു. യൂണിവേഴ്സിറ്റി നിയമ പ്രകാരമുള്ള വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അന്വേഷണ വിധേയമായിട്ടുള്ള സസ്പെൻഷൻ.

Story Highlights : Dr. Sisa Thomas given additional charge of Kerala University VC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here