Advertisement

പിണറായി സർക്കാറിന് തലവേദനയായി ആരോ​ഗ്യ വകുപ്പ്

13 hours ago
Google News 1 minute Read
veena

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതിക്ക് ആരാണ് തുരംഗം വെക്കുന്നത് ? ഡോ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ സർക്കാർ ആകെ ഭയന്നത് എന്തുകൊണ്ടായിരിക്കാം. ആരോഗ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾ സംഘടിത നീക്കം നടത്തുന്നുവോ ? സി പി ഐ എം നേതൃത്വവും മുഖ്യമന്ത്രിയും എന്തുകൊണ്ടാണ് ഡോ ഹാരിസ് ചിറയ്ക്കലിന്റെ സാമൂഹ്യമാധ്യമത്തിലെ ഒരു കുറിപ്പിനെ ഇത്രയേറെ ഭയപ്പെടുന്നത്.

കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡോ ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടൽ പ്രതിപക്ഷത്തെ സഹായിക്കുന്നതാണെന്നാണ് സി പി ഐ എം നിലപാട്. ഡോക്ടർ സർക്കാർ ഉദ്യോഗസ്ഥനായതിനാൽ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന നിലപാടിലാണ് സർക്കാരും സി പി ഐ എമ്മും. ഇതോടെ ഡോക്ടർ തെറ്റുകാരനല്ലെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ നിലപാട് തിരുത്തേണ്ടിവരും.

കേരളത്തിലെ ആരോഗ്യ രംഗത്തെ നേട്ടങ്ങളെ തുരങ്കം വെക്കുന്നതാണ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിവാദം എന്നാണ് സി പി ഐ എമ്മിന്റെ വിലയിരുത്തൽ. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നത് സർക്കാരിന് തന്നെ തലവേദനയായി മാറുമെന്ന നിലപാടിലാണ് സി പി ഐ എം. ഇതേസമയം ഡോ ഹാരിസ് ചിറയ്ക്കലിനെ അനുകൂലിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയത് എൽ ഡി എഫിലും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കയാണ്.

ആരോഗ്യ വകുപ്പിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഗുണകരമാവില്ലെന്ന നിലപാടിലാണ് സി പി ഐ എം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ചുയർന്ന വിവാദം സർക്കാരിന് വൻ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് സി പി ഐ എം. ഇതോടെയാണ് വിവാദത്തിൽ കടുത്ത പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് ഏറെ പ്രകീർത്തിക്കപ്പെട്ട വകുപ്പായിരുന്നു ആരോഗ്യവകുപ്പ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ രാജ്യത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മന്ത്രിയായിരുന്നു. ആരോഗ്യമേഖലയിലെ കേരളാ മോഡലിന് വിദേശത്തുനിന്നടക്കം അംഗീകാരങ്ങൾ ലഭിച്ചു. കോവിഡ് വ്യാപനം തടയുന്നതിൽ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങളാണ് മന്ത്രി കെ കെ ശൈലജയ്ക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്തത്. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പുമന്ത്രിയുടെ ചുമതല വീണാ ജോർജിനെ ഏൽപ്പിക്കുകയായിരുന്നു. ആരോഗ്യമേഖലയിൽ തുടർച്ചയായി തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് സി പി ഐ വിലയിരുത്തിയിരിക്കുന്നത്.

പാർട്ടി സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഏൽക്കേണ്ടിവന്ന മന്ത്രിയും വീണാ ജോർജായിരുന്നു. എൽ ഡി എഫിന് ഭരണത്തുടർച്ചയുണ്ടാവാനാനുള്ള ഒരു കാരണം ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളായിരുന്നു എന്നു വിലയിരുത്തപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവ്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവുകളും തുടങ്ങി ഒരു ഡസനിലേറെ ആരോപണങ്ങളാണ് ആരോഗ്യമേഖലയ്‌ക്കെതിരെ ഉയരുന്നത്. ഇതിൽ പലതും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടവയായിരുന്നുവെങ്കിലും മന്ത്രിതലത്തിൽ അത്തരത്തിൽ വിഷയത്തെ സമീപിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഒടുവിൽ കേരളത്തിലെ ആരോഗ്യമേഖലയെ ആകമാനം പ്രതിസന്ധിയിലാക്കിക്കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഒരു വകുപ്പ് മേധാവി നടത്തിയ ഇടപെടൽ പാർട്ടിയേയും സർക്കാരിനേയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോ സർജനും യൂറോളജി ഡിപ്പാർട്‌മെന്റ് തലവനുമായി ഡോ ഹാരിസ് ചിറക്കൽ നടത്തിയ ഇടപെടലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ശസ്ത്രക്രിയയ്ക്ക് അത്യാവശ്യമായ ഉപകരണങ്ങൾപോലും ലഭ്യമല്ലെന്നും. ഇതുമൂലം ശസ്ത്രക്രിയകൾ മുടങ്ങുകയാണെന്നുമായിരുന്നു ഹാരിസ് സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സംഭവം വിവാദമായി മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു, ഇതോടെ ഡോ ഹാരിസ് ഉന്നയിച്ച വിഷയം സത്യമാണെന്ന് വ്യക്തമായി.

ആരോഗ്യമേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന ഇത്തരം വിഷയങ്ങൾ മാധ്യമ വാർത്തകൾ ആയിരുന്നുവെങ്കിലും ഇത്രയേറെ ചർച്ചയ്ക്ക് വിധേയമായിരുന്നില്ല. ശസ്ത്രക്രിയകൾ മുടങ്ങുന്നതിന്റെ കാരണങ്ങൾ ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുമൂലമാണെന്ന ചർച്ചയിലേക്ക് ഡോ ഹാരിസിന്റെ വെളിപ്പെടുത്തൽ വഴിയൊരുക്കി. രോഗികളെക്കൊണ്ട് ഉപകരണങ്ങളും മറ്റും വാങ്ങിപ്പിച്ചാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്ന വെളിപ്പെടുത്തൽ ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിടുകയായിരുന്നു.

സർജറിക്ക് ആവശ്യമായ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ ഹാരിസ് ചിറയ്ക്കൽ മെഡിക്കൽ കോളജ് അധികൃതരോട് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടാവാത്ത സാഹചര്യത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പിടാൻ അദ്ദേഹം നിർബന്ധിതനായത്. ഡോക്ടറുടെ കുറിപ്പ് സാമൂഹ്യമാധ്യമത്തിൽ നിന്നും പിൻവലിപ്പിച്ചെങ്കിലും മാധ്യമങ്ങൾക്കുമുന്നിൽ ആരോപണം ആവർത്തിക്കാൻ ഡോ ഹാരിസ് തയ്യാറായി.


ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടൽ നടത്തിയ ഡോ ഹാരിസിന് വൻപിന്തുണയാണ് പൊതു ജനമധ്യത്തിൽ നിന്നും ലഭിച്ചിരുന്നത് എന്ന് മനസിലാക്കിയ ആരോഗ്യമന്ത്രി വീണാ ജോർജ് ഡോക്ടർ ഹാരിസ് ചിറക്കലിനെ പ്രകീർത്തിച്ച് രംഗത്തെത്തി. എന്നാൽ ഇന്നലെ കണ്ണൂരിൽ നടന്ന സർക്കാർ അവലോകന യോഗത്തിൽവച്ച് മുഖ്യമന്ത്രി ഡോ ഹാരിസിനെതിരെ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വിമർശനത്തിന് തൊട്ടുപിന്നാലെ ദേശാഭിമാനി മുഖപ്രസംഗത്തിൽ ഡോ ഹാരിസ് ചിറയ്ക്കലിനെതിരെ വിമർശനവുമായി രംഗത്തെത്തി. കേരളത്തിലെ ആരോഗ്യരംഗത്ത് കഴിഞ്ഞ 9 വർഷമായി നേടിയെടുത്ത നേട്ടങ്ങൾ ആരും പറഞ്ഞില്ലെങ്കിലും അനുഭവങ്ങളിലൂടെ ഏറ്റുപറയുന്ന ജനലക്ഷങ്ങളുണ്ട് കേരളത്തിൽ. സർക്കാർ ആതുരാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിൻമടങ്ങായി വർധിച്ചു. 10 ലക്ഷത്തിലേറെ രോഗികൾ എത്തുന്ന മെഡിക്കൽ കോളജുകളുണ്ട് കേരളത്തിൽ. സൂപ്പർ സ്‌പെഷ്യൽറ്റി ഹോസ്പിറ്റലുകളിൽ മാത്രമുണ്ടായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ലഭ്യമാക്കിയെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മന്ത്രിയുടെ അഭിമുഖത്തിൽ ആരോഗ്യമേഖലയെ മാധ്യമങ്ങൾ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം.

രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിലെ ആരോഗ്യ രംഗത്തെ തകർക്കാനാണ് ഡോ ഹാരിസിന്റെ സാമൂഹ്യ വിമർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ‘ ഇത് തിരുത്തൽ അല്ല തകർക്കൽ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ആരോപിക്കുന്നത്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഡോ ഹാരിസിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ്. അമേരിക്കവരെ കോവിഡിൽ വിറങ്ങലിച്ചുനിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും, ആരോഗ്യമേഖലയിലെ ചെറിയ പ്രശ്‌നങ്ങൾ പർവതീകരിച്ച് കാണിക്കുകയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. ഒരു മെഡിക്കൽ കോളജിൽ മരുന്നു ക്ഷാമം വന്നാൽ ആരോഗ്യമേഖല അപ്പാടെ തകർന്നുവെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ലോകം മുഴുവൻ പ്രകീർത്തിച്ച കേരള മോഡലിനെതിരെ യു ഡി എഫിന്റെ ഒത്താശയോടെ ചിലർ തകർക്കാനുള്ള ശ്രമം നടത്തുകയാണെന്നുമായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.

ഡോ ഹാരിസ് ചിറയ്ക്കൽ വിവാദങ്ങൾക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ പ്രതികരണം ലക്ഷ്യം കണ്ടുവെന്നും ആശുപത്രിയിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കിയതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ഡോ ഹാരിസിന്റെ അഭിപ്രായം.

Story Highlights : Pinarayi vijayan government Health department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here